
ചോറ്റാനിക്കര: സംഭാവനയ്‌ക്ക് രസീത് ചോദിച്ച ഗൃഹനാഥന്റെ പല്ലുകൾ കുട്ടികൾ ഉൾപ്പെടെയുള്ള ക്രിസ്മസ് കരോൾ സംഘം അടിച്ചു കൊഴിച്ചു. വീട്ടുപകരണങ്ങളും മുൻവാതിലും തകർത്തു. ചൊവ്വാഴ്ച രാത്രി ചോറ്റാനിക്കര നാഗപ്പാടി ചിറപ്പാട്ട് വീട്ടിലായിരുന്നു അക്രമം. അടിയേറ്റ വീട്ടുടമ സി.എ. തങ്കച്ചന്റെ (59) നാലു പല്ലുകൾ നഷ്ടമായി. വാരിയെല്ലിനും പൊട്ടലുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കച്ചന്റെ പരാതിയിൽ ചോറ്റാനിക്കര പൊലീസ് കേസെടുത്തു.
20ലേറെപ്പേർ അടങ്ങിയ സംഘമാണ് രാത്രി 9ന് വീട്ടിലെത്തിയത്. പാട്ടും നൃത്തവും കഴിഞ്ഞപ്പോൾ ഇവർക്ക് തങ്കച്ചൻ 100 രൂപ കൊടുത്തു. രസീത് ചോദിച്ചപ്പോൾ, കഴിഞ്ഞ വർഷവും താൻ രസീത് ചോദിച്ചതല്ലേ എന്നുപറഞ്ഞ് മുഖത്തടിക്കുകയായിരുന്നു. തങ്കച്ചനും ഭാര്യ ലിസിയും 90 വയസുള്ള അമ്മ അന്നമ്മയും അകത്തുകയറി വാതിലടച്ചെങ്കിലും തള്ളിത്തുറന്ന് തങ്കച്ചനെ വീണ്ടും മർദ്ദിച്ചു.
പിൻവാതിൽ വഴി പുറത്തേക്കോടിയ തങ്കച്ചന്റെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ സംഘം ഓടിമറഞ്ഞു. ഇവരിൽ ഏഴുപേരെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ മൊഴിയെടുത്ത് വിട്ടയച്ചു. അതേസമയം, തങ്ങളെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ചതായി കുട്ടികൾ മൊഴി നൽകി.
സംഘാടകൻ യുവാവ്
ചോറ്റാനിക്കരയിൽ നിന്ന് നാലു കിലോമീറ്റർ അകലെ മഞ്ചക്കാടുള്ള യുവാവാണ് കരോൾ സംഘാടകൻ. കുട്ടികൾക്ക് ആഹാരമടക്കം നൽകി നാലു സംഘങ്ങൾ മൂന്നു ദിവസമായി കരോളിനിറങ്ങുന്നുണ്ട്. പിരിഞ്ഞുകിട്ടുന്ന പണം യുവാവാണ് കൈകാര്യം ചെയ്യുക. മുതിർന്നവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |