
സാധാരണക്കാര്‍ തീച്ചൂളയില്‍
തൊടുപുഴ: ക്രിസ്തുമസ് വിപണിയില്‍ കുതിച്ചുയര്‍ന്ന് പച്ചക്കറി വില. നിത്യോപയോഗ സാധനങ്ങള്‍ക്കും മാംസത്തിനും പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് സാധാരണക്കാര്‍. ഭൂരിഭാഗം ഇനങ്ങള്‍ക്കും 10 രൂപ മുതല്‍ 40 രൂപ വരെയാണ് വര്‍ദ്ധിച്ചത്. പടവലം, സവാള, ഏത്തക്കായ, ഇഞ്ചി, ബീറ്റ് റൂട്ട്, മത്തങ്ങ, കൂര്‍ക്ക എന്നിവ ഒഴികെ ഭൂരി പക്ഷം പച്ചക്കറി ഇനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. മിക്കതിനും വില 50ന് മുകളിലേയ്ക്ക് എത്തി. മണ്ഡല കാലമായതിനാല്‍ പച്ചക്കറിയ്ക്ക് ഡിമാന്‍ഡ് ഏറെയാണ്. ഇതും വില വര്‍ദ്ധനക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ എത്തുന്നത്. മൊത്തമായി അന്യസംസ്ഥാനങ്ങളെ ആശ്രയക്കേണ്ടി വന്നതോടെ അവര്‍ നിശ്ച യിക്കുന്ന വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു.
ഇനം, നിലവിലെ വില, ബ്രാക്കറ്റില്‍ പഴയ വില
വെണ്ടയ്ക്ക: 70 (30)
തക്കാളി: 80 (60)
ക്യാരറ്റ്: 80 (60)
ഉള്ളി: 80 (50)
ഉണ്ടമുളക്: 80 (70)
പാവയ്ക്ക: 60 (40)
പയര്‍: 80 (40)
ബീന്‍സ്: 80 (60)
വെള്ളരി: 50 (30)
മൂന്നക്കത്തില്‍ തുടരുന്ന മുരിങ്ങയ്ക്കാ വില
മണ്ഡലകാലം ആരംഭിച്ചതോടെ മുരിങ്ങവില കുതിച്ചുയരുകയാണ്. ഓരോ ദിവസവും പിടി തരാതെയാണ് വില മാറി മറിയുന്നത്. ഇന്നലെ വിപണിയില്‍ 280 ആണെങ്കിലും കഴിഞ്ഞയാഴ്ച 700നടുത്ത് വില വന്നിരുന്നു. ലഭ്യത അനുസരിച്ച് വില ദൈനംദിനം മാറി മറിയുന്നതിനാല്‍ വ്യാപാരികള്‍ക്കും കൃത്യമായി വിലയിടാനാവുന്നില്ല.
കാന്താരിവിലയും ട്രിപ്പിള്‍ സെഞ്ച്വറിയില്‍
കാന്താരി വില 300 രൂപയിലേക്കെത്തി. രണ്ടു മാസം മുമ്പ് 600- 700 രൂപ നിരക്കിലായിരുന്നു വില. എന്നാല്‍ നാട്ടില്‍ പുറങ്ങളില്‍ കാന്താരി സുലഭമായതോടെയാണ് വില 300 ആയി കുറഞ്ഞത്. എങ്കിലും കര്‍ഷകരെ സംബന്ധിച്ച് കൃഷി വ്യാപകമല്ലാത്തതിനാല്‍ അതിന്റെ ഗുണഫലം ലഭിക്കുന്നില്ല. വരവ് കാന്താരിയാണ് വിപണിയില്‍ കൂടുതല്‍.
''പ്രാദേശിക വിപണിയില്‍ പച്ചക്കറി ലഭ്യത കുറവാണ്. ഭൂരിപക്ഷവും തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നത്. വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട് '' - -കരുണാകരന്‍ നായര്‍ (പച്ചക്കറി വ്യാപാരി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |