മാസപ്പടിക്കേസിൽ സി ബി ഐ അന്വേഷണം,​ തന്നെയും മകളെയും ടാർജറ്റ് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്‌മൂലം

Monday 09 June 2025 7:40 PM IST

കൊച്ചി : മാസപ്പടിക്കേസിൽ സി,.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജി തനിക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി സത്യവാങ്‌മൂലം. ഹർജി പൊതുതാത്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മുഖ്യന്ത്രി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഹർജിക്കാരനായ മാദ്ധ്യമ പ്രവർത്തകൻ എം.ആർ. അജയന് കേസുമായി നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി തന്നെയും മകളെയും ടാർജറ്റ് ചെയ്തു കൊണ്ടുള്ളതാണ്. നിലവിൽ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നതിൽ മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ടതില്ല. രണ്ട് കമ്പനികൾ തമ്മിലെ സാമ്പത്തിക ഇടപാടുകളാണെന്നും സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

എം.ആർ. അജയന്റെ ഹർജിയിൽ ഹൈക്കോടതി അയച്ച നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി.