പി.എം ശ്രീയിൽ ആശയക്കുഴപ്പം

Sunday 24 May 2026 12:00 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫിനെ നിയോഗിച്ച് സർക്കാർ. പദ്ധതിയുടെ നിലവിലുള്ള അവസ്ഥ, കേന്ദ്രത്തിന്റെ നടപടി, പദ്ധതി ഉപേക്ഷിച്ചാലുള്ള സാഹചര്യം തുടങ്ങിയവയെക്കുറിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്..

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കാൻ കരാറിൽ ഒപ്പിട്ടെങ്കിലും സി.പി.ഐ

എതിർത്തതോടെ പിന്മാറി..കരാർ റദ്ദാക്കിയെന്നോ തുടരുമെന്നോ പറയാതെ പദ്ധതി നിറുത്തിവയ്ക്കുകയാണ് സർക്കാർ ചെയ്തത്. പി.എം ശ്രീയിൽ ഒപ്പിടാത്ത പക്ഷം, കേന്ദ്ര സർക്കാർ ഫണ്ടുകൾ തടഞ്ഞു വയ്ക്കുകയും കേന്ദ്ര സഹായം നിരസിക്കപ്പെടുകയും ചെയ്താൽ ബദൽ മാർഗങ്ങൾ ആലോചിക്കണം. ഇക്കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്യും. എസ്.എസ്.കെ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. പി.എം ശ്രീ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന നിലപാടിലാണ് യു.ഡി.എഫ്. പദ്ധതി നടപ്പാക്കാതെ മുന്നോട്ട് പോകാൻ ബദൽ വരുമാന മാർഗങ്ങൾ കണ്ടെത്തുക വെല്ലുവിളിയാണ്..

പി.എം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2026 മേയ് മാസത്തിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കരാർ ഒപ്പിട്ടതിനാൽ സ്‌കൂളുകൾ തുടങ്ങുന്നതടക്കമുള്ള നടപടികളുമായി നീങ്ങാനാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. എൽ.ഡി.എഫ് സർക്കാർ കരാറിൽ ഒപ്പിട്ടപ്പോൾ 92.41 കോടി രൂപ കേന്ദ്രം നൽകിയിരുന്നു. കരാറിൽ നിന്നും പിന്മാറാനും കേന്ദ്രത്തിന്റെ സമ്മതം ആവശ്യമാണ്.

''കരാർ റദ്ദാക്കാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായി എന്തു നിലപാടെടുക്കാൻ കഴിയുമെന്ന് പരിശോധിക്കും.. ''

-എൻ.ഷംസുദ്ദീൻ,

പൊതു വിദ്യാഭ്യാസ മന്ത്രി