തുരുമ്പിച്ച ജീപ്പ്, തേഞ്ഞ ടയർ: പൊലീസിന്റെ പാച്ചിൽ ദ്രവിച്ച വണ്ടികളിൽ
തിരുവനന്തപുരം: പൊലീസിലെ ഉന്നതർക്ക് കുതിച്ചു പായാൻ പുതുപുത്തൻ കാറുകൾ.
സ്റ്റേഷനുകളിലും പട്രോളിംഗിനുമുള്ള പൊലീസ് വാഹനങ്ങളുടെ സ്ഥിതി പരിതാപകരം. സമയത്ത് അറ്റകുറ്റപ്പണി നടത്താതെയും കാലപ്പഴക്കത്താലും നശിച്ച വാഹനങ്ങൾ.
അപകടകത്തിൽപ്പെടുന്നതും പെരുവഴിയിലാവുന്നതും പതിവ്. രാത്രികാല പട്രോളിംഗിനെയടക്കം ഇത് ബാധിക്കുന്നു.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ പൊലീസ് വാഹനങ്ങളുടെ സ്ഥിതിയാണ് പരിതാപകരം. മന്ത്രിമാർക്കും വി.ഐ.പികൾക്കും അകമ്പടി പോകേണ്ടതിനാൽ തലസ്ഥാനത്ത് താരതമ്യേന പുതിയ വാഹനങ്ങളാണ്. ഇവിടെ ഓടിപ്പഴകിയ വാഹനങ്ങളാണ് മറ്റ് ജില്ലകളിലേക്ക് നൽകുന്നത്. 15വർഷ കാലാവധി കഴിഞ്ഞ വാഹനങ്ങളും വടക്കൻ ജില്ലകളിൽ ഓടുന്നു. അവിടങ്ങളിലെ കാലപ്പഴക്കം ചെന്ന വാഹനങ്ങളിൽ ജീവൻ പണയം വച്ചാണ് പൊലീസിന്റെ യാത്ര. മിക്ക വണ്ടികൾക്കും കൃത്യമായ ഇൻഷ്വറൻസുമില്ല. തേർഡ് പാർട്ടി ഇൻഷ്വറൻസിന് പകരം വാഹനങ്ങൾക്കെല്ലാം ഫുൾ ഇൻഷ്വറൻസെടുക്കാൻ 2വർഷംമുൻപ് ഡിജിപി നിർദ്ദേശിച്ചിരുന്നതാണ്. ഭൂരിഭാഗം വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസാണ്.
3ലക്ഷം കിലോമീറ്റർ ഓടിയാൽ വാഹനം മാറ്റിവാങ്ങാമെന്നാണ് ചട്ടമെങ്കിലും നടപ്പാവാറില്ല. സി.ഐമാർക്ക് താരതമ്യേന പുതിയ വാഹനം കിട്ടും. സ്റ്റേഷനിലെ ജീപ്പ് തുരുമ്പിച്ചതും ടയറുകൾ തേഞ്ഞതുമായിരിക്കും. കാസർകോട്ട് മുഖ്യമന്ത്രിയുടെ വാഹനത്തിന് പൈലറ്റായി പോയ ഡിവൈ.എസ്.പിയുടെ ജീപ്പിന്റെ മുൻവശത്തു നിന്ന് പുകയുയർന്നു. കണ്ണൂരിൽ അപകടത്തിൽപ്പെട്ട ജീപ്പിന് ഇൻഷ്വറൻസില്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വാഹനം ട്രാഫിക് സിഗ്നലിൽ വച്ച് കത്തിയതും അടുത്തിടെയാണ്.
നിരവധി വാഹനങ്ങൾ
കട്ടപ്പുറത്ത്
സർക്കാർ അംഗീകരിച്ച സ്വകാര്യ വർക്ക്‌ഷോപ്പുകളിലായിരുന്നു പൊലീസ് വണ്ടികളുടെ അറ്റകുറ്റപ്പണി. വൻ കുടിശികയുണ്ടായതോടെ അവർ ജോലിയേറ്റെടുക്കാതായി. സ്പെയർ പാർട്സിന്റെ കുടിശിക കൂടിയതോടെ അതും കിട്ടാതായി. ഇതോടെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായി. പഴകിയ വാഹനങ്ങൾ സാഹസികമായി നിരത്തിലിറക്കുകയാണ് പൊലീസ് ഡ്രൈവർമാർ. അറ്റകുറ്രപ്പണിക്ക് ജില്ലാ പൊലീസ് മേധാവിമാരുടെ അനുമതി വൈകുന്നതിനാലും വണ്ടികൾ തുരുമ്പെടുത്ത് നശിക്കുന്നു. സ്റ്റേഷനുകളിൽ വാഹനങ്ങളുടെ പരിപാലനത്തിന് ചുമതലപ്പെട്ട മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ വാഹനങ്ങളുടെ സ്ഥിതി ജില്ലാ പൊലീസ് മേധാവിയെ ഇടയ്ക്കിടെ അറിയിക്കണമെന്ന ഡി.ജി.പിയുടെ നിർദ്ദേശം നടപ്പായിട്ടില്ല. മഹീന്ദ്ര ഥാർ, ബൊലേറോ, എക്സ്.യു.വി-300, ഗൂർഖ, ബൊലേറോ നിയോ വാഹനങ്ങൾ ഇടയ്ക്കിടെ വാങ്ങുന്നുണ്ടെങ്കിലും സ്പെഷ്യൽ യൂണിറ്റുകൾക്കും ബറ്റാലിനുകൾക്കുമാണ് നൽകുക.7500 വാഹനങ്ങളാണ് പൊലീസിനുള്ളത്
''പൊലീസ് വാഹനങ്ങളുടെ സുരക്ഷയ്ക്കും അപകടം കുറയ്ക്കാനും കർശന നടപടി വേണം. അപകടങ്ങൾക്ക് കാരണം വാഹനങ്ങളുടെ മോശം അവസ്‌ഥയും, ഡ്രൈവർമാരുടെ പരിചയക്കുറവുമാണ്.''
-ഷേഖ് ദർവേഷ് സാഹിബ്
പൊലീസ് മേധാവി