സി.ഐ മാർക്ക് സ്റ്റേഷൻ ചുമതല നൽകിയ പരിഷ്കാരം തിരിച്ചടിച്ചു

Sunday 24 May 2026 12:22 AM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്റെ ചുമതല സി. ഐമാർക്ക് നൽകിയത് ഫലപ്രദമല്ലെന്ന് കണ്ടതോടെയാണ് കേസുകൾ കുറവുള്ളിടങ്ങളിൽ എസ്.ഐമാർക്ക് അധികാരം തിരിച്ചുകൊടുക്കാൻ തീരുമാനിച്ചത്.

രണ്ടു സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമുണ്ടായിരുന്ന സംവിധാനമായിരുന്നു ഫലപ്രദമെന്നാണ് പൊലീസ് തലപ്പത്തെ വിലയിരുത്തൽ. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവർ സ്റ്റേഷനിൽ എസ്.ഐയുടെ ജോലിയാണ് ചെയ്യുന്നത്. രണ്ടും മൂന്നും എസ്.ഐമാർ സ്റ്റേഷനുകളിലുണ്ടെങ്കിലും അപ്രധാന ചുമതലകളാണ് നൽകുക. സ്റ്റേഷൻ ഭരണം നഷ്ടമായതോടെ എസ്.ഐമാർ ഉശിരുകാട്ടുന്നുമില്ല. പോക്സോ, സംഘടിത ആക്രമണ കേസുകൾ അന്വേഷിക്കേണ്ടത് ഇൻസ്പെക്ടർമാരാണ്.

സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റുന്ന സി.ഐമാർക്ക് സൈബർ, പോക്സോ, സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണച്ചുമതല നൽകും. ജില്ലാ ക്രൈംബ്രാഞ്ച്, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലേക്കും മാറ്റും. ഒന്നിലേറെ എസ്.ഐമാരുള്ളിടത്ത് ഒരാളെ പ്രിൻസിപ്പൽ എസ്.ഐയാക്കും. അടുത്തടുത്തുള്ള സ്റ്റേഷനുകളിലാവും (ലൈൻ സ്റ്റേഷൻ) ആദ്യം എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുക. രണ്ടു സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഇൻസ്പെക്ടറെ നിയോഗിക്കും. ഒൻപത് സ്റ്റേഷനുകളുടെ മേൽനോട്ടം ഡിവൈ.എസ്.പിക്കായിരിക്കും.

നിഷ്പക്ഷതയും ഊർജ്ജവും നഷ്ടമായി

ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കിയതോടെ അന്വേഷണങ്ങളിലും പരാതികളിലെ നടപടികളിലും നിഷ്പക്ഷത ഇല്ലാതായെന്നാണ് മുൻ ഡി.ജി.പി കെ.പദ്മകുമാർ സമിതിയുടെ കണ്ടെത്തൽ.

സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്കു നൽകിയതോടെ സേനാംഗങ്ങളുടെ ഊർജ്ജസ്വലത കുറഞ്ഞു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടു.

എസ്ഐയായി സ്റ്റേഷൻ ചുമതല വർഷങ്ങളോളം നോക്കിയവർ സി.ഐയായപ്പോഴും അതേ ജോലിയിൽ തന്നെ ഇരിക്കേണ്ടിവന്നത് സി.ഐമാരെ നിരാശപ്പെടുത്തി.

മൂന്ന് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമായിരുന്നു. അത് ഇല്ലാതായതോടെ സ്റ്റേഷനുകളുടെ പ്രവർത്തനം തോന്നുംപടിയായി.