അമ്മയോട് പിണങ്ങി റെയിൽവെ ട്രാക്കിലേക്ക് ഓടിയ പതിനൊന്നുകാരന് രക്ഷകനായി പൊലീസ്

Wednesday 06 May 2026 4:08 PM IST

തൃശൂർ: അമ്മയോട് പിണങ്ങി റെയിൽവെ ട്രാക്കിനരികിലെ മരക്കൂട്ടത്തിൽ ഒളിച്ചിരുന്ന പതിനൊന്നുകാരന് രക്ഷകനായി പൊലീസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20-ഓടെ അമ്മയുമായി പിണങ്ങിയ കുട്ടി മുരിയാട് ഭാഗത്തെ റെയിൽവെ ട്രാക്കിലൂടെ ഓടിപ്പോവുകയായിരുന്നു. പിന്നീട് കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരിലൊരാൾ ആളൂർ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.

പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ. ഉടനെ സ്‌റ്റേഷൻ ഗ്രൂപ്പിലും പട്രോളിങ്‌ സംഘത്തിനും വിവരം കൈമാറി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ തിരച്ചിലിന് നിർദേശം നൽകുകയും ആളൂർ എസ്.എച്ച്.ഒ കെ.വി ഹരിക്കുട്ടൻ, പ്രിൻസിപ്പൽ എസ്.ഐ മനു പി. ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അപകടസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് ഇതുവഴിയുള്ള ട്രെയിനുകൾ തടഞ്ഞു. റെയിൽവെ പാളത്തിൽ നടത്തിയ തിരച്ചിലിൽ ട്രാക്കിന് സമീപത്തെ മരങ്ങളുടെയും കുറ്റിക്കാടുകളുടേയും ഇടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടിയെ അനുനയിപ്പിച്ച് തിരികെ വീട്ടിലെത്തിച്ചു.