ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം: തീപടര്‍ന്നത് പിന്നില്‍ നിന്ന്, അപകടകാരണം കണ്ടെത്താനായില്ല
കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാദ്ധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
എന്നാല്‍ തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എൻജിന്റെ റേഡിയേറ്റർ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല.വാഹനത്തിലെ എസി ഭാഗത്തും ഫൊറൻസിക് വിഭാഗം പ്രശ്നങ്ങൾ കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറൻസിക് വിദഗ്ധർ പറയുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ മോട്ടർവാഹന വകുപ്പും പരിശോധന നടത്തും.
വ്യാഴാഴ്ച രാത്രി ഒൻപത് പതിനഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ചെറുവണ്ണൂര്‍ സ്വദേശിയായ സോനയാണ് ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞത്. മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. സോനയെ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവിനൊപ്പം സ്വിഫറ്റ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വണ്ടിയില്‍ തീ പടര്‍ന്നത്. കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
ഡ്രൈവർ സീറ്റിൽ നിന്ന് രജിൻ പുറത്തിറങ്ങിയെങ്കിലും കാറിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ സോനയുടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ 60 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.