സെന്റ് സ്റ്റീഫൻസ്: വനിതാപ്രിൻസിപ്പലിന്റെ നിയമനം എതിർത്ത് ഡൽഹി സർവകലാശാല
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പലായുള്ള പത്തനംതിട്ട റാന്നി സ്വദേശി പ്രൊഫ. സൂസൻ ഏലിയാസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്കു വിരുദ്ധമെന്ന് ഡൽഹി സർവകലാശാല. 145 വർഷം പഴക്കമുള്ള കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രിൻസിപ്പലായി ജൂൺ ഒന്നിന് ചുമതലയേൽക്കാനിരിക്കെയാണിത്.
സൂസന്റെ നിയമനം പ്രിൻസിപ്പൽമാരുടെ നിയമനത്തെ നിയന്ത്രിക്കുന്ന യു.ജി.സി റെഗുലേഷൻസ് വ്യവസ്ഥകൾ പ്രകാരമല്ലെന്ന് ഡൽഹി യൂണിവേഴ്സിറ്റി രജിസ്ട്രാർ കോളേജ് ഗവേണിംഗ് ബോഡി ചെയർമാന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. നിയമനത്തിന് ആവശ്യമായ സെലക്‌ഷൻ കമ്മിറ്റി രൂപീകരണം സർവകലാശാല അനുമതിയോടെയല്ലെന്നും ആ കമ്മിറ്റിയുടെ നിയമന ശുപാർശയ്‌ക്ക് സാധുതയില്ലെന്നും കത്തിൽ പറയുന്നു.
പ്രൊഫ. സൂസന്റെ നിയമനം പൊതുപരസ്യം, അഭിമുഖങ്ങൾ, ഷോർട്ട്‌ലിസ്റ്റിംഗ്, ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ പങ്കിടൽ തുടങ്ങിയ നടപടിക്രമങ്ങൾ പാലിച്ച ശേഷമാണെന്ന് കോളേജ് ചെയർമാൻ പോൾ സ്വരൂപ് വ്യക്തമാക്കി.
ഭരണനിർവഹണം, സ്വയംഭരണം തുടങ്ങിയവയെച്ചൊല്ലി മുൻപും ഡൽഹി സർവകലാശാലയും സെന്റ് സ്റ്റീഫൻസ് കോളേജും തർക്കമുണ്ടായിട്ടുണ്ട്. നിലവിലെ പ്രിൻസിപ്പൽ ജോൺ വർഗീസിന്റെ കാലാവധി നീട്ടിയതിനെച്ചൊല്ലിയും 2021ൽ തർക്കമുണ്ടായിരുന്നു.