യാത്രക്കിടെ 60കാരന് ദേഹാസ്വാസ്ഥ്യം; രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

Wednesday 01 April 2026 2:18 PM IST

തൃശൂർ: നെഞ്ചുവേദന അനുഭവപ്പെട്ടെ യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. തൃശൂർ തിരുവില്വാമലയിൽ സർവീസ് നടത്തുന്ന ഹരേ കൃഷ്ണ എന്ന സ്വകാര്യ ബസാണ് ആംബുലൻസായി മാറിയത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ചേലക്കോട് സ്വദേശിയായ ഉണ്ണികൃഷ്‌ണനെന്ന 60കാരനാണ് യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉത്രാളിക്കാവിന് സമീപമെത്തിയപ്പോഴാണ് ഉണ്ണികൃഷ്‌ണന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ സമീപത്തിരുന്ന യാത്രക്കാരായ ചേലക്കര സ്വദേശി ശങ്കർ, തോന്നൂർക്കര സ്വദേശി പ്രസാദ് എന്നിവർ ബസ് ജീവനക്കാരനെ വിവരമറിയിക്കുകയായിരുന്നു. ഉണ്ണികൃഷ്‌ണന്റെ നെഞ്ചിലമർത്തി ശ്വാസം വീണ്ടെടുക്കാനും ഇരുവരും ശ്രമിച്ചു. ഇതിനിടെ ബസ് ‌ഡ്രൈവർ അരുണും കണ്ടക്‌ടർ മനോജും ചേർന്ന് ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഉണ്ണികൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.