ചോദ്യപേപ്പർ ചോർച്ച ; അന്വേഷണത്തിന് ആറംഗ സമിതി,​ സ്വകാര്യ ട്യൂഷൻ സെന്റർ മര്യാദയുടെ അതിർവരമ്പ് ലംഘിച്ചെന്ന് മന്ത്രി

Monday 16 December 2024 7:27 PM IST

തിരുവനന്തപുരം : എസ്.എസ്,​എൽ,​സി,​ പ്ലസ് വൺ ക്രിസ്മസ് പരീക്ഷകളുടെ ചില വിഷയങ്ങളിലെ ചോദ്യപേപ്പർ ചോ‌ർന്ന സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ആറംഗ സമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ നിയോഗിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരു മാസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് നൽകണം. ചോദ്യപേപ്പർ ചോർച്ച മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നും ശിവൻകുട്ടി പറഞ്ഞു.

വിഷയത്തിന്റെ ഗൗരനം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചയുണ്ടെങ്കിൽ പരിഹരിക്കും. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഡി.ജി.പിയെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനെ കുറിച്ചും അന്വേഷണം നടത്തും. ചില അദ്ധ്യാപകർ പകുതി സമയം സ്കൂളിലും പകുതി സമയം ട്യൂഷൻ ക്ലാസിലുമാണ്,​. ഇവർക്കെതിരെ കർശന നടപടിയെടുക്കും. സ്വകാര്യ ട്യൂഷൻ സെന്ററായ എം.എസ് സൊല്യൂഷൻസ് മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചു. സ്വാർത്ഥലാഭമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.