ശക്തരായി യു.ഡി.എഫ്, ഇടതിനൊപ്പം നിന്നവർ നിഷ്പ്രഭരായി

Tuesday 05 May 2026 12:32 AM IST

തിരുവനന്തപുരം: കേരള കോൺഗ്രസുകൾ ഉൾപ്പെടെ ഇടത്,വലത് മുന്നണികളിലെ പാർട്ടികൾക്ക് വഴിത്തിരിവായി തിരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫിൽ മുന്നോട്ടുള്ള യാത്ര വഴി മുട്ടി നിന്ന ചെറിയ പാർട്ടികൾക്ക് ഊർജ്ജം കൈവന്നപ്പോൾ. ഇടതിനൊപ്പം നിന്നവർ നിഷ്പ്രഭരായി. കേരളകോൺഗ്രസ് (എം) ജോസ് പക്ഷം തകർന്നടിഞ്ഞപ്പോൾ, കേരളകോൺഗ്രസ് (ജെ) ജോസഫ് മത്സരിച്ച എട്ടിൽ ഏഴ് സീറ്റും നേടി.

കഴിഞ്ഞ തവണ രണ്ടിടത്ത് ജയിച്ച എൻ.സി.പിയും ഇക്കുറി പരാജയപ്പെട്ടു. എലത്തൂരിൽ എ.കെ.ശശീന്ദ്രൻ യുഗം അവസാനിച്ചു. കുട്ടനാട് തോമസ് കെ.തോമസിനും കരകയറാനായില്ല. എൽ.ഡി.എഫിൽ ഒറ്റ എം.എൽ.എയുള്ള പാർട്ടികളാരും ഇക്കുറി നിയമസഭ കാണില്ല. മന്ത്രിമാരായിരുന്ന കേരള കോൺഗ്രസ് -ബിയിലെ കെ.ബി.ഗണേഷ്കുമാർ, കോൺഗ്രസ്- എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി, ആർ.എസ്.പി ലെനിനിസ്റ്റിലെ കോവൂർ കു‌ഞ്ഞുമോൻ എന്നിവർ പരാജയപ്പെട്ടു. ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും തോൽവി ഏറ്റുവാങ്ങി.മൂന്ന് സീറ്റിൽ മത്സരിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ മാത്യു.ടി.തോമസ് ഉൾപ്പെടെ എല്ലാവരും തോറ്റപ്പോൾ,മൂന്നിൽ ഒരിടത്ത് ജയിച്ച് ആർ.ജെ.ഡിയാണ് പിടിച്ചു നിന്നു.

യു.ഡി.എഫിലെ മുഖ്യഘടകക്ഷിയായ മുസ്ലീം ലീഗ് മത്സരിച്ച 27 സീറ്റിൽ 23 എണ്ണവും നേടി. എന്നാൽ എൽ.ഡി.എഫിലെ സി.പി.ഐ മത്സരിച്ച 25ൽ വിജയം എട്ടിലൊതുങ്ങി. മന്ത്രിമാരായ ജി.ആർ.അനിൽ,പി.പ്രസാദ്,കെ.രാജൻ എന്നിവർ ജയിച്ചതാണ് ആശ്വാസം.

ആർ.എസ്.പിക്കും

സി.എം.പിക്കും നല്ലകാലം

എം.വി.രാഘവന് ശേഷം നിയമസഭയിലെത്താത്ത സി.എം.പിക്ക് സി.പി.ജോണിലൂടെ അക്കൗണ്ട് തുറക്കാനായി.കഴിഞ്ഞ തവണ എല്ലാ സീറ്റിലും പരാജയപ്പെട്ട ആർ.എസ്.പി ഇക്കുറി നാലിൽ മൂന്നിടത്തും വിജയിച്ചു.ഒരിടവേളയ്ക്ക് ശേഷം ഷിബു ബേബി ജോണും സഭയിലെത്തും.ഇരവിപുരത്തെയും കുന്നത്തൂരിലേയും വിജയം ഇരട്ടിമധുരം.കേരള കോൺഗ്രസ് ജേക്കബിലെ അനൂപ് ജേക്കബും ആർ.എം.പിയിലെ കെ.കെ.രമയും പാലയിൽ മാണി.സി.കാപ്പനും വിജയം രുചിച്ചു.