തോറ്റു തുന്നംപാടി മന്ത്രിപ്പട

Tuesday 05 May 2026 12:37 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച 20 മന്ത്രിമാരിൽ 13 പേരും ദയനീയമായി തോറ്റമ്പുന്ന കാഴ്ചയാണ് കേരളം കണ്ടത്. കെ.കൃഷ്ണൻകുട്ടി മാത്രമാണ് മത്സരിക്കാൻ ഇറങ്ങാതിരുന്നത്. മുഖ്യമന്ത്രി പിണറായിവിജയൻ,​ മന്ത്രിമാരായ മുഹമ്മദ് റിയാസ്,​ കെ.എൻ.ബാലഗോപാൽ,​ സജി ചെറിയാൻ,​ ജി.ആർ.അനിൽ,​ കെ.രാജൻ,​ പി.പ്രസാദ് എന്നിവർക്കാണ് വിജയിക്കാനായത്. ഇതിൽ പലരും ഏറെ വിയർത്ത ശേഷമാണ് മറുകര കണ്ടത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്രവും ശക്തിയാർന്ന കോട്ടയായ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായിവിജയൻ കോൺഗ്രസിന്റെ യുവസാരഥി അബ്ദുൾ റഷീദിന് മുന്നിൽ അടിമുടി വിറകൊള്ളുന്ന കാഴ്ചയാണ് കേരളം കണ്ടത്. 2016-ൽ 36,​905 വോട്ടുകളുടെയും 2021-ൽ 50,​123 വോട്ടുകളുടെയും ഭൂരിപക്ഷത്തിൽ ജയിച്ച പിണറായി ആദ്യ ആറു റൗണ്ടുകൾ എണ്ണുമ്പോഴും പിന്നിലാവുകയായിരുന്നു. അവിടെ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് 18,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് എത്തിയത്. ജയിച്ച മറ്റു മന്ത്രിമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ തവണ 15,​336 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മന്ത്രി പി.രാജീവ് ഇക്കുറി 16,​000ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിലാണ് ലീഗിലെ വി.ഇ.അബ്ദുൾ ഗഫൂറിനോട് തോൽവി ഏറ്റുവാങ്ങിയത്. ഏറ്രുമാനൂരിൽ മന്ത്രി വി.എൻ. വാസവൻ 2021 ൽ 14303 വോട്ടുകൾക്കാണ് ജയിച്ചത്. ഇപ്പോൾ തോറ്റു തുന്നംപാടിയത് 19,​700 ലേറെ വോട്ടുകൾക്ക്.

പത്തനാപുരത്ത് 14,​336 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ വിജയിച്ച കെ.ബി.ഗണേശ് കുമാർ ഇക്കുറി ജ്യോതികുമാർ ചാമക്കാലയ്ക്ക് കീഴടങ്ങിയത് 8310 വോട്ടിന്. എം.ബി. രാജേഷ് 3400 ഓളം വോട്ടുകളുടെ വ്യത്യാസത്തിലാണ് വി.ടി ബൽറാമിനോട് തോറ്റത്. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ തോൽവി കേരളകോൺഗ്രസിന് കിട്ടിയ വലിയ ഷോക്കായി. 2021-ൽ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച റോഷി 23,822 വോട്ടിനാണ് തോറ്റത്.

പി.വി.അൻവറിന്റെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ ഭൂരിപക്ഷം 28,747 വോട്ടുകളിൽ നിന്ന് 7487 വോട്ടുകളായി കുറഞ്ഞു. ഐഷാ പോറ്രിയെ തോൽപ്പിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കിട്ടിയ ഭൂരിപക്ഷം 1012 വോട്ടു മാത്രം.