'വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...'
തിരുവനന്തപുരം: സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് രാവിലെ 10ന്. ആൾക്കൂട്ടത്തെ കടന്ന് ഗവർണർ ആർ.വി. ആർലേക്കർ വേദിയിലെത്തിയപ്പോൾ സമയം 10.09. ഖാർഗെ, രേവന്ദ് റെഡ്ഡി, സിദ്ധരാമയ്യ എന്നിവർക്ക് കൈകൊടുത്ത ഗവർണർ, രാഹുലിനെയും പ്രിയങ്കയെയും തൊഴുതു. ആദ്യം ആലപിച്ചത് വന്ദേമാതരം. പിന്നാലെ ദേശീയഗാനവും. സത്യപ്രതിജ്ഞ തുടങ്ങാൻ ഗവർണറുടെ അനുമതി തേടിയ ചീഫ് സെക്രട്ടറി 10.16ന് സതീശനെ ക്ഷണിച്ചു.
രാഹുലിന് കൈകൊടുത്ത്, പ്രിയങ്കയോട് കൈകൂപ്പി, കക്ഷിനേതാക്കളെയെല്ലാം വണങ്ങി സതീശൻ എത്തി. 'വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ..."" എന്നു പറഞ്ഞതോടെ സ്റ്റേഡിയമാകെ ആവേശത്തിൽ ഇളകിമറിഞ്ഞു. സത്യവാചകത്തിലെ 'മുഖ്യമന്ത്രി എന്ന നിലയിലുള്ള ' എന്നത് പറഞ്ഞപ്പോഴും ജനക്കൂട്ടം ഇരമ്പി. ദൈവനാമത്തിൽ പ്രതിജ്ഞ പൂർത്തിയാക്കി 10.18ന് ഗവർണർക്ക് കൈകൊടുത്ത്, വേദിയെ വണങ്ങി ഔദ്യോഗിക രേഖകളിൽ സതീശൻ ഒപ്പുവച്ചു. ഗവർണർ ബൊക്കെ നൽകി. രാഹുലിനെ ആലിംഗനം ചെയ്തശേഷം പിണറായി, ഡി.കെ. ശിവകുമാർ രേവന്ദ്റെഡ്ഡി, രാജീവ് ചന്ദ്രശേഖർ അടക്കം എല്ലാവർക്കും കൈകൊടുത്തു.
ദൈവത്തിന്റെയും സ്രഷ്ടാവിന്റെയും നാമത്തിലായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിജ്ഞ. മൂന്നാമതെത്തിയത് രമേശ് ചെന്നിത്തല. ആവരങ്ങൾക്കിടെ ഗവർണർ പ്രതിജ്ഞാവാചകം തുടങ്ങിയത് കേൾക്കാമായിരുന്നില്ല. രണ്ടാമതും ഗവർണർ ഞാൻ... എന്ന് ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ചെന്നിത്തലയുടെയും പ്രതിജ്ഞ. സണ്ണിജോസഫിനും ഗവർണർ രണ്ടാമതും സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.മുരളീധരന്റെ പേര് വിളിച്ചപ്പോൾ വീണ്ടും ആരവമുയർന്നു. രാഹുലിനെ ആലിംഗനം ചെയ്ത്, പ്രിയങ്കയെ തൊഴുത് ഇംഗ്ലീഷിലായിരുന്നു മുരളിയുടെ സത്യപ്രതിജ്ഞ.
മോൻസ് ജോസഫ്, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ.ഷംസുദ്ദീൻ, പി.സി. വിഷ്‌ണുനാഥ്, റോജി എം. ജോൺ, ബിന്ദുകൃഷ്ണ, എം.ലിജു, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ, ടി.സിദ്ധിഖ്, കെ.എ. തുളസി, ഒ.ജെ.ജനീഷ് എന്നീ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഹുലിന് നന്ദി പറഞ്ഞ്, പ്രിയങ്കയെ ആശ്ലേഷിച്ച ശേഷമായിരുന്നു ബിന്ദുകൃഷ്ണയുടെ സത്യപ്രതിജ്ഞ.
11.21ന്സത്യപ്രതിജ്ഞ പൂർത്തിയായതോടെ വന്ദേമാതരവും ദേശീയഗാനവും ആലപിച്ചു. ചടങ്ങ് കഴിഞ്ഞതോടെ പ്രവർത്തകർ കടക്കാതെ വേദിക്കു മുന്നിൽ പൊലീസ് വേലിതീർത്തു. കൈവീശിക്കാട്ടിയും പ്രവർത്തകർക്ക് കൈകൊടുത്തും നേതാക്കൾ മടങ്ങിയിട്ടും സ്റ്റേഡിയത്തിൽ പ്രവർത്തകരുടെ ആവേശമിരമ്പി. ഒ.ജെ.ജനീഷും ബിന്ദുകൃഷ്ണയും പ്രവർത്തകരുടെ ഫോണിൽ സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ ചായസത്കാരത്തിനായി ലോക്ഭവനിലേക്ക് പോയി.
സംഘാടകനായി സതീശൻ
തിരുവനന്തപുരം: കസേരയിലിരിക്കാതെ പ്രധാന സംഘാടകന്റെ റോളിലേക്ക് വി.ഡി. സതീശൻ മാറി. ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. 9.50ന് നിയുക്ത മന്ത്രിമാരെല്ലാം വേദയിലെത്തി. 9.51ന് പിണറായി വേദിയിലെത്തി സതീശനുമായും മന്ത്രിമാരുമായും കുശലാന്വേഷണം നടത്തി. രാഹുലും പ്രിയങ്കയും വേണുഗോപാലും ഖാർഗെയും 9.59നാണെത്തിയത്. കേരളീയ ശൈലിയിൽ നീല കരയുള്ള കസവുസാരിയും നീല ബ്ലൗസുമണിഞ്ഞാണ് പ്രിയങ്കയെത്തിയത്. നേതാക്കൾ കൈകോർത്ത് അഭിവാദ്യം ചെയ്തപ്പോൾ കാതടപ്പിക്കുന്ന ആരവം ഉയർന്നു. എം.വി ഗോവിന്ദൻ രാഹുലുമായും ഖാർഗെയുമായും പ്രിയങ്കയുമായും സൗഹൃദംപങ്കിട്ടു. ഡി.കെ. ശിവകുമാർ വേദിയിലെത്തിയപ്പോഴും ആർപ്പുവിളികളുയർന്നു. ഭൂരിഭാഗം മന്ത്രിമാരും മുണ്ടും ഷർട്ടുമണിഞ്ഞെത്തിയപ്പോൾ ഷിബുബേബിജോൺ കറുത്ത ഷെർവാണിയിലാണെത്തിയത്. നീലഷർട്ടും വെള്ളപാന്റുമായിരുന്നു റോജി.എം.ജോണിന്റെ വേഷം. ബിന്ദുകൃഷ്ണയും കെ.എ.തുളസിയും സാരിയാണ് ധരിച്ചത്.
സഗൗരവത്തിൽ 2 പേർ, 19 പേർ ദൈവനാമത്തിൽ
തിരുവനന്തപുരം: രണ്ടുമന്ത്രിമാർ മാത്രമാണ് സഗൗരവം പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. ഷിബുബേബിജോണും സി.പി.ജോണും. മുഖ്യമന്ത്രി വി.ഡി.സതീശനും 18മന്ത്രിമാരും ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. പി.കെ.കുഞ്ഞാലിക്കുട്ടി ദൈവത്തിന്റെയും സ്രഷ്ടാവിന്റെയും നാമത്തിലാണ് സത്യംചെയ്തത്.