സർക്കാരിന്റെ ശബ്ദമാകാൻ ജാജു ബാബുവും അസഫലിയും
കൊച്ചി: ഹൈക്കോടതിയിലടക്കം സംസ്ഥാന സർക്കാരിനു വേണ്ടി വാദങ്ങൾ നയിക്കാൻ ഇനി മുതിർന്ന അഭിഭാഷകരായ കെ. ജാജു ബാബുവും ടി. അസഫലിയും. അഡ്വക്കേറ്റ് ജനറലായി (എ.ജി) നിയമിതനായ ജാജുവിനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി (ഡി.ജി.പി) രണ്ടാമൂഴത്തിലെത്തുന്ന അസഫലിക്കും ഇത് അർഹിക്കുന്ന അംഗീകാരമായി.
അഡ്വ.ജാജു ബാബു
കോട്ടയം വേളൂർ സ്വദേശി. ഭരണഘടന, വിദ്യാഭ്യാസം, തൊഴിൽ, ദേവസ്വം നിയമങ്ങളിൽ വിദഗ്ദ്ധൻ. മുഖ്യമന്ത്രി വി.ഡി.സതീശൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നപ്പോൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരള ഗവർണർ ആയിരുന്നപ്പോൾ സ്റ്റാൻഡിംഗ് കോൺസലായിരുന്നു. ആരിഫ് മുഹമ്മദ്ഖാന്റെ കാലത്തും സ്റ്റാൻഡിംഗ് കോൺസലായിരുന്നെങ്കിലും അഭിപ്രായഭിന്നതയെ തുടർന്ന് രാജിവച്ചു. സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സഹൃദയനും മികച്ച ഗായകനുമാണ്. എറണാകുളത്തെ ബാബു ആൻഡ് ബാബു അഡ്വക്കേറ്റ്‌സ് എന്ന നിയമസ്ഥാപനത്തിന്റെ സാരഥി. ഭാര്യ എം.യു. വിജയലക്ഷ്മി ഹൈക്കോടതിയിൽ അഭിഭാഷക. മക്കളായ വിനീത ജിഷ്ണു ഡള്ളാസിലും സംഗീത ബിപിൻ മെൽബണിലും എൻജിനിയർമാരാണ്.
അഡ്വ. ടി. അസഫലി
കണ്ണൂർ സ്വദേശി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ഡി.ജി.പിയായിരുന്നു. ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു. ക്രിമിനൽ നിയമത്തിൽ വൈദഗ്ദ്ധ്യം. മുമ്പ് ഡി.ജി.പി ആയിരുന്നപ്പോൾ ഇന്ത്യൻ പീനൽ കോഡിന്റെ 155-ാം വാർഷികം പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി പങ്കെടുത്തു. മട്ടന്നൂർ ശുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് തുടങ്ങിയവയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾക്കായി വാദിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തി. ട്രൈബ്യൂണൽ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷനിൽ അംഗമായി. ഭാര്യ: എ.പി.മുംതാസ് (റിട്ട. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ). മക്കൾ: മോനിസ് റാസ (ഐ.ടി. എൻജിനിയർ, ബംഗളൂരു), ഡോ.മുഹമ്മദ് സാബിർ (ലണ്ടൻ).