നോർത്ത് ബ്ളോക്കിലെ ഓഫീസിൽ: മുഖ്യമന്ത്രിയുടെ ആദ്യ ഒപ്പ് ആശാ വർക്കർമാർക്കായി

Tuesday 19 May 2026 12:54 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ളോക്കിലെ മൂന്നാം നിലയിലെ മുറിയിൽ വി.ഡി.സതീശൻ ചുമതലയേറ്റു. രാവിലെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞയ്ക്കും തുടർന്ന് ലോക് ഭവനിലെ വിരുന്നിനും ശേഷമാണ് ഒന്നാം നമ്പർ സ്റ്റേറ്റ്കാറിൽ സെക്രട്ടേറിയറ്റിലെത്തിയത്. മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നശേഷം പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ബിജു പൂച്ചെണ്ടു നൽകി ആശംസ അറിയിച്ചു. ജീവനക്കാരുടെ പ്രതിനിധികളും സി.എം.ഓഫീസിലെ ജീവനക്കാരും ആശംസകൾ നേർന്നു.തുടർന്ന് അദ്ദേഹം മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നതിനായി ക്യാബിനറ്റ് ഹാളിലേക്ക് പോയി.

മന്ത്രിസഭായോഗത്തിന് ശേഷം ആശാവർക്കർമാരുടെ വേതനവർദ്ധവ് നടപ്പാക്കുന്ന ഫയലിലാണ് ആദ്യം ഒപ്പുവെച്ചത്. ആദ്യഘട്ടമെന്ന നിലയിൽ മാത്രമാണ് മൂവായിരം രൂപയുടെ പ്രതിമാസ വർദ്ധന.രണ്ടാംഘട്ടത്തിൽ ഇത് വർദ്ധിപ്പിക്കും. ആലപ്പുഴയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളയാത്രയ്ക്ക് നേരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാൻമാരുടെ അതിക്രമത്തിനെതിരായ കേസിൽ കോടതിവിധിയനുസരിച്ചുള്ള പുനരന്വേഷണ ഫയലിലാണ് തുടർന്ന് ഒപ്പുവെച്ചത്.