ഡോ. സുനിൽ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Saturday 23 May 2026 12:49 AM IST

തിരുവനന്തപുരം: 'സിസ്റ്റം' ശരിയല്ലാത്തതിനാൽ നിരന്തരം പഴികേൾക്കുന്ന ആരോഗ്യമേഖലയെ കരുത്തോടെ നയിക്കാൻ പുതിയ ആരോഗ്യ മന്ത്രിയുടെ ടീമിൽ മെഡിക്കൽ ന്യൂറോളജി പ്രൊഫസറും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡിപ്പാർട്ട്‌മെന്റ് ഒഫ് മെഡിക്കൽ ന്യൂറോളജി പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ.സുനിൽ.ഡിയെ മന്ത്രി കെ.മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതാദ്യമായാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ നിയമിതനാകുന്നത്.

ആശുപത്രികളേയും അതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളേയും കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമനം. 15 വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലി നോക്കുന്ന ഡോ.സുനിൽ മികച്ച സംഘാടകൻ കൂടിയാണ്. മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിൽ സജീവമായിരുന്നു.

കാട്ടായിക്കോണം സ്വദേശിയാണ് ഡോ.സുനിൽ. ഇപ്പോൾ കരമനയിലാണ് താമസം. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ നയിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കാളിയാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ.സുനിൽ പറഞ്ഞു.