സിനിമയിലൂടെ വ്യക്തിത്വ വികാസം സാദ്ധ്യമാക്കാം: പി.സി. വിഷ്ണുനാഥ്

Saturday 23 May 2026 12:55 AM IST

കൊല്ലം: വ്യക്തിത്വ വികാസത്തിന് സിനിമകളും സഹായകമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാഡമി, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ശിശുക്ഷേമ സമിതി എന്നിവ സംയുക്തമായി കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച സിനിമാസ്വാദന ക്യാമ്പ് ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യജിത് റായിയുടെ ഹ്രസ്വചിത്രം 'ടു ​എ ഫിലിം ഫാബിൽ', ഇറാനിയൻ ചിത്രം 'ദ സൈലൻസ്' എന്നിവ പ്രദർശിപ്പിച്ചു. 70 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അഭിനയം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയുടെ പ്രാഥമിക അറിവുകൾ, ചലച്ചിത്ര പ്രവർത്തകരുമായുള്ള മുഖാമുഖം, ക്ലാസിക് ചലച്ചിത്രങ്ങളുടെ പ്രദർശനം, സംഗീതപരിപാടികൾ എന്നിവയാണ് ക്യാമ്പിന്റെ ഭാഗമാകുന്നത്. ചലച്ചിത്ര അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമാണ് ക്ലാസുകൾ നയിക്കുന്നത്. മേയർ എ.കെ ഹഫീസ് അദ്ധ്യക്ഷനായി. കൗൺസിലർ കുരുവിള ജോസഫ്, സാംസ്​കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻ ദേവ്, അമ്മ ജനറൽ സെക്രട്ടറിയും നടിയുമായ കുക്കു പരമേശ്വരൻ, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ജോളി ചിറയത്ത്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.

നാളെ വൈകിട്ട് 6ന് ശൈലജ പി.അമ്പുവും സംഘവും നയിക്കുന്ന സംഗീതപരിപാടി. എല്ലാ ദിവസവും വൈകിട്ട് ആറിന് സമുച്ചയത്തിലെ തിയേറ്ററിൽ ബൈസിക്കിൾ തീവ്‌​സ്, കുമ്മാട്ടി തുടങ്ങിയ ക്ളാസിക് സിനിമകൾ പ്രദർശിപ്പിക്കും. 25ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും.