"സോറി എനിക്ക് രണ്ട് അല്ല, രണ്ടര ലക്ഷം രൂപ സാലറിയുണ്ട്"; സതീഷ്‌ പ്രതിദിനം 3000 രൂപയുടെ മദ്യം കഴിച്ചു?

Sunday 20 July 2025 3:44 PM IST

അബുദാബി: ഷാർജയിലെ ഫ്ളാറ്റിൽ മലയാളി യുവതി അതുല്യ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതുല്യയുടെ ഭർത്താവ് സതീഷിനെതിയെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം സതീഷാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

പത്തൊമ്പതാമത്തെ വയസിലാണ് അതുല്യ വിവാഹിതയായത്. വിവാഹ സമയത്ത് 48 പവൻ സ്വർണവും ഒരു ബൈക്കും അതുല്യയുടെ വീട്ടുകാർ നൽകിയിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും സതീഷ് അതുല്യയെ ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇയാൾ ദിവസവും 3000 രൂപയ്ക്ക് മദ്യപിക്കുമായിരുന്നെന്നും ആരോപണമുയർന്നിരുന്നു.

മദ്യലഹരിയിലും യുവതിയെ മർദിച്ചിരുന്നു. ഇയാൾ കസേര ഉയർത്തി അതുല്യയെ മർദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോകളൊക്കെ പുറത്തുവന്നിട്ടുണ്ട്. എഞ്ചിനിയറായ സതീഷിന് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്ക് രണ്ട് അല്ല, രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്ന് സതീഷ് വ്യക്തമാക്കി.

'ഞാൻ വീട് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഞാനല്ല വാടക വാങ്ങിക്കുന്നത്. ഒരു വീഡിയോ വന്നു എനിക്ക് രണ്ട് ലക്ഷം സാലറിയുണ്ടെന്ന്. സോറി എനിക്ക് രണ്ടര ലക്ഷം രൂപ സാലറിയുണ്ട്. എന്റെ അക്കൗണ്ടിൽ ആയിരം രൂപ പോലുമില്ല. നിങ്ങൾക്കാർക്കു വേണമെങ്കിലും ചെക്ക് ചെയ്യാം. സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് വാങ്ങിയാണ് ഉപയോഗിക്കുന്നത്.

ഞാൻ മദ്യപിക്കാറുണ്ട്. വാരാന്ത്യം ആയതുകൊണ്ട് ഞാൻ മദ്യപിച്ചിരുന്നു. വീട്ടുകാർ പറയുന്ന പോലെ ദിവസവും മദ്യപിക്കുന്ന ആളല്ല ഞാൻ. ഷുഗർ രോഗി ആയതുകൊണ്ട് ദിവസവും മദ്യപിക്കാനാകില്ല. രണ്ടുനേരം ഇൻസുലിൻ എടുക്കുന്നുണ്ട്. നിങ്ങളാരെങ്കിലും എന്റെ അമ്മയുടെ അടുത്ത് പോയിട്ടുണ്ടോ. എന്താ പോകാത്തത്. അതുല്യ അവിടെ ചെന്നുകഴിഞ്ഞാൽ ആ വീട്ടിൽ മൊത്തം അടിയാണ്.'-സതീഷ് പറഞ്ഞു.