ന്യൂഡൽഹി: പ്രസവാനുകൂല്യങ്ങൾ പ്രത്യുൽപാദന അവകാശങ്ങളുടെ ഭാഗമാണെന്നും പ്രസവാവധി അവിഭാജ്യ ഘടകമാണെന്നും സുപ്രീംകോടതി. മൂന്നാം കുഞ്ഞിന്റെ ജനനത്തിന് പ്രസവാവധി നിഷേധിച്ചതിനെതിരെ തമിഴ്നാട് സ്വദേശിയായ അദ്ധ്യാപിക നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അഭയ് ഓക്ക,ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. പ്രസവാവധി നിഷേധിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പ്രസവാവധി ആനുകൂല്യങ്ങൾ രണ്ട് കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന സംസ്ഥാന നയം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അവധി നിഷേധിച്ചത്.
ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ട് കുട്ടികൾ എന്ന മാനദണ്ഡം നടപ്പിലാക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ഹർജിക്കാരിയുടേത് പോലെ സാഹചര്യങ്ങളിൽ പ്രസവാവധി ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകുകയും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക ലക്ഷ്യം കൈവരിക്കാൻ ഇവ രണ്ടും യുക്തിസഹമായ രീതിയിൽ യോജിപ്പിക്കണം.
ഹർജിക്കാരിക്ക് ആദ്യ വിവാഹത്തിലുള്ള രണ്ട് കുട്ടികൾ സർവീസ് കാലത്തല്ല. സർവീസിലിരിക്കെയാണ് പുന:വിവാഹത്തിൽ മൂന്നാമത്തെ കുട്ടിയുണ്ടായത്. ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികൾ മുൻ ഭർത്താവിനൊപ്പമാണെന്നും കോടതി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |