മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഗുരുതര വീഴ്ച: ഒന്നിലധികം സ്ഥലത്ത് പ്രോട്ടോകോൾ ലംഘിച്ചെന്ന് ഇന്റലിജൻസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വിവിധ ജില്ലകളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടുവെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് ഇന്റലിജൻസ് മേധാവി ഡി.ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും റിപ്പോർട്ട് നൽകി.
മാർച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് പ്രധാനമായും സുരക്ഷാ വീഴ്ചകളുണ്ടായത്. പൈലറ്റ് വാഹനങ്ങൾ പലയിടത്തും ലക്ഷ്യബോധമില്ലാതെയാണ് സഞ്ചരിച്ചതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. റൂട്ട് ഏകോപിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവ് കാരണം ചിലയിടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനം വാഹനവ്യൂഹത്തിൽ നിന്ന് വേർപെട്ട് ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം വരെയുണ്ടായെന്ന് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു.
Z+ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രാ റൂട്ട് ഏകോപിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായാണ് വിലയിരുത്തൽ. റൂട്ട് ഏകോപനത്തിന് കൃത്യമായ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതും പ്രശ്നങ്ങൾക്ക് കാരണമായി. ഇത്തരത്തിൽ സുരക്ഷാ പിഴവുകൾ ആവർത്തിക്കരുതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വിന്യാസത്തിലും റൂട്ട് ക്ലിയറൻസിലും അതീവ ജാഗ്രത പുലർത്തണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണമാറ്റ സാദ്ധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട്.