ഹിറ്റ്മേക്കർക്ക് വിട, സംവിധായകൻ ഷാഫി അന്തരിച്ചു
കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്.റഷീദ് അന്തരിച്ചു. 57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ 12.25ഓടെ മരിച്ചത്.
വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. മൃതദേഹം ഇന്ന് രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് 4ന്.
1968ൽ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. റാഫി - മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫി മൂത്ത സഹോദരനാണ്. രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളിൽ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ൽ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ൽ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.