തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. വിമാനയാത്രികരും നാട്ടുകാരും മെഡിക്കൽ വിദ്യാർത്ഥികളുമായി 294 മനുഷ്യ ജീവനുകളാണ് നിമിഷങ്ങൾക്കുള്ളിൽ കത്തിയമർന്നത്. ഇത്രയും ജീവനുകൾ നഷ്ടമായ അപകടത്തിൽ ഒരാൾ മാത്രം അത്ഭുകരമായിരക്ഷപ്പെടുകയും ചെയ്തു. ട്രാഫിക് ബ്ലോക്കുപോലുള്ള കാരണങ്ങളാൽ യാത്രമുടങ്ങിയത് ചിലർക്ക് രക്ഷയായി. അത്തരത്തിൽ നമ്മുടെ ഗാനഗന്ധർവൻ യേശുദാസ് രണ്ട് വിമാന അപകടങ്ങളിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
1971 ഡിസംബർ ഒമ്പതിനായിരുന്നു ആദ്യത്തെ സംഭവം. അന്ന് പശ്ചിമഘട്ടത്തിലെ മേഘമലയിൽ തകർന്നുവീണ വിമാനത്തിൽ യേശുദാസ് യാത്രചെയ്യേണ്ടിയിരുന്നവെങ്കിലും വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ അദ്ദേഹത്തിന് ആ വിമാനം ലഭിച്ചില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്‌റോ വിമാനം തുടർന്ന് മധുരയിലേക്ക് പറക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. തിരുക്കൊച്ചിയിലെ ആരോഗ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവായ ജി ചന്ദ്രശേഖരപിള്ള ഉൾപ്പെടെ ഇരുപതുപേരായിരുന്നു അപകടത്തിൽ മരിച്ചത്.
രണ്ടാമത്തെ സംഭവമുണ്ടായത് 1978 ഒക്ടോബർ 13ന് ആയിരുന്നു. എയർ ഇന്ത്യയുടെ ബോംയിംഗ് വിമാനമാണ് അന്ന് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.യേശുദാസിനൊപ്പം ഭാര്യ പ്രഭ, ഒരുവയസുള്ള മകൻ വിനോദ്, ഗായിക സുജാത, സുജാതയുടെ അമ്മ എന്നിവരും ആ വിമാനത്തിൽ ഉണ്ടായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തിൽ ബാഗേജ് സൂക്ഷിക്കുന്ന സ്ഥലത്തുനിന്ന് പുക ഉയർന്നു. ഇതോടെ വിമാനം അടിയന്തരമായി മാഞ്ചസ്റ്ററിൽ ഇറക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിലെ ബൾബിൽനിന്നുള്ള ചൂടേറ്റ് യേശുദാസിന്റെ ഇലക്ട്രിക് ഓർഗൺ ഉരുകിയതിനെ തുടർന്നാണ് പുക ഉയർന്നത്. ഇതിൽ നിന്ന് തീ പടർന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |