ജയ്‌പൂർ: ഇന്ത്യൻ വ്യോമസേന ഫൈറ്റർ ജെറ്റ് രാജസ്ഥാനിലെ ചുരുവിൽ തകർന്നുവീണു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഭനുഡ ഗ്രാമത്തിലാണ് അപകടം നടന്നത്. ജഗ്വാർ ഫൈറ്റർ വിമാനമാണ് തകർന്നുവീണത്. അപകടസ്ഥലത്ത് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ പൈലറ്റ് അപകടത്തിൽ മരണപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നു. പ്രദേശവാസികളായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. രാജസ്ഥാനിലെ സുരത്ത്ഗഡ് വ്യോമസേനാ ബേസിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്.
ആറ് സ്‌ക്വാഡ്രണുകളിലായി 120 ജഗ്വാർ ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യയ്ക്കുള്ളത്. ഈ വർഷത്തെ മൂന്നാമത്തെ ജഗ്വാർ ഫൈറ്റർ ജെറ്റ് വിമാനാപകടമാണിത്. മാർച്ച് ഏഴിന് ഹരിയാനയിലെ പഞ്ച്‌കുളയിലാണ് ആദ്യ അപകടമുണ്ടായത്. ഏപ്രിൽ രണ്ടിന് ഗുജറാത്തിലെ ജാംനഗറിലും ഫൈറ്റർ ജെറ്റ് തകർന്നുവീണു.
ഒറ്റ, ഇരട്ട സീറ്റ് വേരിയന്റുകളിൽ ലഭ്യമായ ഇരട്ട എഞ്ചിൻ ഫൈറ്റർ- ബോംബറാണ് ജഗ്വാർ. വിന്റേജ് വിമാനങ്ങളായി കണക്കാക്കുന്നവയാണെങ്കിലും വ്യോമസേന വ്യാപകമായി ഉപയോഗിക്കുന്ന വിമാനങ്ങളാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |