പാമ്പ് കടിയേറ്റാൽ ആ ഭാഗത്ത് സോപ്പ് ഉപയോഗിച്ച് ഉടൻ കഴുകാമോ? ആദ്യം ശ്രദ്ധിക്കണം ഇക്കാര്യം
മലപ്പുറം: കടുത്ത ചൂടും ഉഷ്ണവും മൂലം മാളങ്ങളിൽ നിന്നും പുറത്തിറങ്ങുന്ന വിഷപ്പാമ്പുകൾ വഴി ജനങ്ങൾക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാൻ കേരള വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സോഷ്യൽ ഫോറസ്ട്രി ഓഫീസർ അറിയിച്ചു.
സംസ്ഥാനത്താകെ 1,200ൽ പരം അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകരുണ്ട്. കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാൽ വനം വകുപ്പിന്റെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കണം. അവരുടെ സേവനം സൗജന്യമാണ്. ഇത് സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സർപ്പ ജില്ലാ കോഓർഡിനേറ്റർമാർ വഴിയോ ചെയ്യാം.
പാമ്പ് കടിയേറ്റാൽ
പാമ്പ് കടിയേൽക്കുന്ന സാഹചര്യത്തിൽ ഉടനടി ശരിയായ ചികിത്സ നൽകേണ്ടതുണ്ട്. ചികിത്സ വൈകുന്നതിന് ജീവന്റെ വില നൽകേണ്ടിവരാം. മാരകമായി പാമ്പ് കടിയേറ്റ ഒരാളെ സംബന്ധിച്ച് കടിയേറ്റ് രക്തത്തിൽ കലർന്ന പാമ്പിൻ വിഷം നിർവീര്യമാക്കാൻ അടിയന്തരമായി നൽകുന്ന ആന്റിവെനത്തിന് മാത്രമേ കഴിയൂ. ഉടനടി ലഭിക്കുന്ന കൃത്യമായ ചികിത്സയിലൂടെ രോഗിക്ക് പൂർണ സുഖം പ്രാപിക്കാൻ കഴിയും. തെറ്റായ ചികിത്സയും, ഫലപ്രദമായ ചികിത്സ നൽകുന്നതിൽ വരുത്തുന്ന കാലതാമസവുമാണ് യഥാർത്ഥത്തിൽ മരണകാരണമാകുന്നത്.
പാമ്പ് കടിയേറ്റയാളെ ഒരു കാരണവശാലും അധൈര്യപ്പെടുത്തരുത്. അയാളെ ഓടിക്കുകയോ നടത്തുകയോ ആയാസകരമായ പ്രവൃത്തികൾ ചെയ്യിക്കുകയോ അരുത്. കടിപ്പാടിൽ മുറിവുണ്ടാക്കി രക്തമൊഴുക്കാൻ ശ്രമിച്ചാൽ ഞരമ്പ് മുറിഞ്ഞ് രക്തനഷ്ടമുണ്ടായി വലിയ സങ്കീർണതയുണ്ടാകും. കടിപ്പാടിൽ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുക്കാൻ ശ്രമിക്കരുത്.
മുറിപ്പാട് സോപ്പുപയോഗിച്ച് കഴുകുന്നത് പോലും മസാജ് ഇഫക്ട് മൂലം വിഷം അതിവേഗം രക്തത്തിൽ കലരുന്നതിന് കാരണമാകാം. കടിപ്പാട് മുറുക്കിയോ അയച്ചോ കെട്ടുന്നത് ഒഴിവാക്കുക. പേശീ ചലനം പരമാവധി കുറയ്ക്കുന്നതിനായി ബാൻഡേജ് ചുറ്റുന്നതിൽ തെറ്റില്ല.
ലഭ്യമായ വാഹനത്തിൽ എത്രയും വേഗം ആന്റിവെനം സ്റ്റോക്കും അതു നൽകുന്ന ഡോക്ടറും (രണ്ടും രോഗിയുടെ കൂടെയുള്ളവർ വിളിച്ച് ഉറപ്പുവരുത്തുക, ഒരാശുപത്രിയിൽ നിന്ന് അടുത്തയിടത്തേക്കു പോകുന്ന സമയനഷ്ടം ഒഴിവാക്കാൻ വേണ്ടിയാണിത്) ഉള്ള ആശുപത്രിയിലെത്തിക്കുക. ഈ സൗകര്യങ്ങൾ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് സർപ്പ ആപ്പിൽ ലഭ്യമാണ്.