പുതിയ മാറ്റങ്ങൾ ഫലം കണ്ടു, കൂട്ടത്തിൽ വന്ദേഭാരതടക്കം നേട്ടമുണ്ടാക്കി: ദക്ഷിണ റെയിൽവെയാണ് താരം

Saturday 18 April 2026 11:11 AM IST

തിരുവനന്തപുരം: യാത്രാ വരുമാനത്തിൽ ഉൾപ്പടെ വൻ വർദ്ധനയുമായി ഇന്ത്യയിൽ ഒന്നാമതെത്തി ദക്ഷിണ റെയിൽവെ. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകൾ യാത്രക്കാരുടെ ഇടയിൽ വൻ ഹിറ്റായതോടെയാണ് ദക്ഷിണ റെയിൽവെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ട്രെയിനുകളിൽ പരമാവധി യാത്രക്കാരെ ഉൾക്കൊള്ളിക്കുന്നതിലും ദക്ഷിണ റെയിൽവെ ഒന്നാം സ്ഥാനത്താണ്.

2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വിവിധ റെയിൽവെ സോണുകളിലായി അഞ്ച് മുതൽ ഏഴ് ശതമാനം വരെയാണ് വർദ്ധനയുണ്ടായത്. ഇതിൽ ദക്ഷിണ റെയിൽവെ നേടിയത് 8271.47 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 7535.69 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് 735.78 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ കൊണ്ടുവന്ന മാറ്റമാണ് വരുമാന വർദ്ധനവുണ്ടാക്കിയതെന്ന് ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു.

നേരത്തെ വന്ദേഭാരത് എക്സ്പ്രസിൽ ചാർട്ട് തയ്യാറായിക്കഴിഞ്ഞാൽ കറന്റ് അവേലബിലിറ്റിയിൽ ടിക്കറ്റ് ലഭിക്കില്ലായിരുന്നു. എന്നാൽ ചാർട്ട് തയ്യാറാക്കികഴിഞ്ഞ ശേഷം പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഓൺലൈനായി കറന്റ് ബുക്കിംഗ് എടുക്കാം എന്ന രീതി കൊണ്ടുവന്നതോടെ യാത്രക്കാരുടെ എണ്ണം കൂടി. വന്ദേഭാരത് യാത്ര തുടങ്ങുന്ന സ്റ്റേഷൻ മുതൽ അവസാനിക്കുന്ന സ്റ്റേഷൻ വരെ രണ്ട് പേരെങ്കിലും ഒരു സീറ്റിൽ യാത്ര ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി.