എ പ്ലസ് കുറഞ്ഞത് പരിശോധിക്കും
തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവരുടെ എണ്ണം കുറഞ്ഞത് കരിക്കുലം പരിഷ്‌കരണവും ചോദ്യപേപ്പർ രീതിയിൽ വന്ന മാറ്റവും കാരണമാകാമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശർമ്മിള മേരി ജോസഫ്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമെന്ന് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനായി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 61449 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. ഇത്തവണ 30514 ആയി കുറഞ്ഞു. ഏതു വിഷയങ്ങൾക്കാണ് വിദ്യാർത്ഥികൾക്ക് മാർക്ക് കുറഞ്ഞതെന്ന് കണ്ടെത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ പറഞ്ഞു. അഞ്ചു വർഷത്തെ പരീക്ഷാഫലവുമായി താരതമ്യപ്പെടുത്തിയാകും ഇതു വിലയിരുത്തുക. എസ്.സി.ഇ.ആർ.ടി ഇക്കാര്യവും വിശകലനം ചെയ്യും. ചോദ്യപേപ്പർ രീതിയിൽ മാറ്റം വരുത്തും. അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇതു കേന്ദ്രീകരിച്ചുള്ള പാഠ്യശൈലിയാകും സ്വീകരിക്കുകയെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.