താനൂർ ബോട്ട് അപകടം; സർക്കാർ  ജീവനക്കാരുൾപ്പെടെ 12പേരെ  പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു

Monday 31 July 2023 9:45 PM IST

മലപ്പുറം: താനൂരിൽ 22പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. താനൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ 12പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. അപകടം നടന്ന് 85ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

ബോട്ടിന്റെ ഉടമസ്ഥനായ നാസർ, ആലപ്പുഴ പോർട്ട് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, ബേപ്പൂർ പോർട്ട് ഓഫീസർ പ്രസാദ് എന്നിവരടക്കം 12പേരെ പ്രതി ചേർത്തിട്ടുണ്ട്. കൂടാതെ സർക്കാർ ജീവനക്കാരായ പ്രതികൾക്കെതിരെ സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമടക്കം 13,186 പേജുകളുള്ളതാണ് കുറ്റപത്രം. ബോട്ടുടമസ്ഥൻ നാസർ അടക്കമുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

മേയ് ഏഴിനായിരുന്നു താനൂരിൽ ബോട്ട് അപകടം നടന്നത്. സ്രാങ്കും ലാസ്‌കറുമടക്കം 24 പേർ കയറാവുന്ന ബോട്ടിൽ 52 പേർ കയറിയതാണ് അപകട കാരണം. ബോട്ടുടമ നാസർ ആണ് കേസിലെ ഒന്നാം പ്രതി. താനൂർ പൊലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജാണ് കേസ് രജിസ്റ്റർ ചെയ്തത്.