പണിക്കാർക്കൊപ്പം കാടുവെട്ടിത്തെളിക്കുന്നതിനിടെ കടന്നൽകൂട്ടം ആക്രമിച്ചു, മുതിർന്ന അദ്ധ്യാപകൻ മരിച്ചു
Wednesday 13 May 2026 4:33 PM IST
കാസർകോട്: പണിക്കാർക്കൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിനിരയായ അദ്ധ്യാപകൻ മരിച്ചു. ബളാന്തോട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ മുതിർന്ന അദ്ധ്യാപകനായ ചാമുണ്ഡികുന്നിൽ വിജയൻ (56) ആണ് കടന്നൽകുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ ജോലിയെടുക്കുമ്പോഴാണ് സംഭവം.
വിജയനെയും കൂടെയുള്ള നാല് തൊഴിലാളികളെയും കടന്നലുകൾ ആക്രമിക്കുകയായിരുന്നു. മൺപുറ്റിൽ കൂടുകൂട്ടിയ കടന്നലുകളാണ് ഇവരെ കുത്തിയത്. വേഗംതന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിജയനെ രക്ഷിക്കാനായില്ല. സർവീസിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കവെയാണ് വിജയന്റെ മരണം.