അച്ചടി പൂർത്തിയായി: പാഠപുസ്തകങ്ങൾ സ്കൂളിലേക്ക്

Tuesday 19 May 2026 12:00 AM IST

കൊച്ചി: കടലാസ് ക്ഷാമത്തിന്റെ പ്രതിസന്ധി മറികടന്ന് പാഠപുസ്തക അച്ചടിയുടെ ആദ്യഘട്ടം കാക്കനാട്ടെ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിൽ (കെ.ബി.പി.എസ്) പൂ‌‌ർത്തിയായി. സ്‌കൂൾ തുറക്കും മുമ്പേ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി.

ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്ക് 2026-27 അദ്ധ്യയനവർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി 5,59,00,000 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. ആദ്യഭാഗമായ 3,57,00,000 പുസ്തകങ്ങളുടെ അച്ചടിയാണ് ഈമാസം 15ന് പൂ‌‌ർത്തിയായത്. പ്രധാന വിഷയങ്ങളുടെ പുസ്തകങ്ങളും തമിഴ്, കന്നഡ മൈനോറിറ്റി പുസ്തകങ്ങളും ഇതിലുൾപ്പെടുന്നു.

പിന്നാലെ ലഭ്യമാക്കേണ്ട പ്രവർത്തന പരിചയ പുസ്തകങ്ങളുടെ അച്ചടി പ്രതിദിനം ആറു ലക്ഷം കോപ്പി എന്ന തോതിൽ പുരോഗമിക്കുന്നു. ഇവയും 22 ഓടെ വിതരണത്തിന് പൂർണസജ്ജമാകും.

പൂർത്തിയായ പുസ്തകങ്ങൾ ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ എത്തിച്ച് കുടുംബശ്രീ മുഖേന സ്കൂൾ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യൽ അവസാന ഘട്ടത്തിലാണ്.

ഒന്നാം വാല്യം പൂർത്തിയാകുന്നതോടെ ഒക്ടോബർ മുതൽ രണ്ടാം വാല്യം പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കും. ഡിസംബർ മൂന്നാം വാരമാണ് അച്ചടി ആരംഭിച്ചത്.

കടലാസ് ലഭ്യതയിൽ പ്രതിസന്ധികളുണ്ടായെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ മറികടക്കാൻ കഴിഞ്ഞു. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉൾപ്പെടെ ജീവനക്കാർ സജീവമായി ജോലി ചെയ്താണ് നേട്ടം കൈവരിച്ചത്.

സുനിൽ ചാക്കോ

മാനേജിംഗ് ഡയറക്‌ടർ

കെ.ബി.പി.എസ്‌