
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ എട്ട് ട്രെയിനുകളിൽ ഓരോ സെക്കൻഡ് ക്ളാസ് ജനറൽ കോച്ച് വീതം കൂട്ടാൻ റെയിൽവേ തീരുമാനിച്ചു. രണ്ടു പാസഞ്ചറുകൾ ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ വേഗത കൂട്ടി. കഴിഞ്ഞദിവസം മുതൽ അത് പ്രാബല്യത്തിലായി. ട്രെയിനുകളിലെ യാത്രാദുരിതം അതിരുവിടുന്നതു സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വഞ്ചിനാട്, വേണാട്,കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ്, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എന്നിവയുടെ ഇരുവശങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഓരോ ജനറൽ കോച്ച് വീതം കൂട്ടിയത്. നാളെയും മറ്റെന്നാളുമായി ഇത് നടപ്പാക്കും. ആലപ്പുഴ - എറണാകുളം, എറണാകുളം - കായംകുളം പാസഞ്ചറുകളുടെ വേഗത 20മിനിട്ട് വീതവും വേണാടിന്റെ വേഗത 10 മിനിട്ടുമാണ് കൂട്ടിയത്. യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള പാലരുവി,പരശുറാം ട്രെയിനുകളിൽ കോച്ച് കൂട്ടിയിട്ടില്ല.
വന്ദേഭാരത് തുടങ്ങിയതാണ് കേരളത്തിൽ ട്രെയിൻ യാത്രാദുരിതം ഉണ്ടാകാനിടയാക്കിയതെന്ന ആരോപണം റെയിൽവേ നിഷേധിച്ചു. തുടർച്ചയായ മഴയും കൊച്ചുവേളിയിലെ വെള്ളക്കെട്ട്, തിരുവനന്തപുരം - കൊല്ലം,തിരുവനന്തപുരം - നാഗർകോവിൽ സെക്ഷനുകളിലെ മണ്ണിടിച്ചിൽ എന്നിവ മൂലമാണ് ചില ട്രെയിനുകൾ വൈകിയത്. യാത്രക്കാരുടെ എണ്ണം അമിതമായി കൂടിയത് ദേശീയപാതയിലെ നിർമ്മാണജോലികൾ മൂലമാണ്. സിഗ്നൽ നവീകരണവും പാളം നന്നാക്കലും പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കും.
വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്ന റെയിൽവേയുടെ വിശദീകരണം ശരിയല്ലെന്നും വേണാടിന് വേഗതകൂട്ടിയെന്ന് പറയുന്നത് വസ്തുതയല്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽവേ പ്രതികരിച്ചു.
വരുന്നത് ഐ.സി.എഫ് കോച്ചുകൾ
വേണാട് എൽ.എച്ച്.ബി റേക്കാണ്. മറ്റ് ട്രെയിനുകൾ ഐ.സി.എഫും. രാജ്യത്തെ ട്രെയിനുകളെല്ലാം എൽ.എച്ച്.ബി.യിലേക്ക് മാറ്റുകയാണ്. ഇതുമൂലം ഉപയോഗത്തിലില്ലാതാകുന്ന ഐ.സി.എഫ് കോച്ചുകളിൽ കാലാവധി പൂർത്തിയാകാത്തവയും കേടുപാടുകളില്ലാത്തവയുമാണ് കോച്ചുകളുടെ എണ്ണം കൂട്ടാൻ ഉപയോഗിക്കുന്നത്. കൂടുതൽ കോച്ചുകൾ കിട്ടുന്ന മുറയ്ക്ക് മറ്റ് ട്രെയിനുകളിലും ഇത് നടപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു.
വരുന്നു, വന്ദേസാധാരൺ
വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യത്തെ വന്ദേസാധാരൺ ട്രെയിനും കേരളത്തിലെത്തുന്നു. എറണാകുളത്തുനിന്ന് ഗുവാഹത്തിയിലേക്കാവും സർവ്വീസ്. നിർമ്മാണം പൂർത്തിയായ വന്ദേസാധാരൺ ട്രെയിൻ റേക്ക് ഉടൻ കൊച്ചിയിലെത്തും. എന്നുമുതൽ സർവ്വീസ് തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല. 22 മുതൽ 24 വരെ കോച്ചുകളിലായി 1,834 പേർക്ക് ഒരുസമയം യാത്രചെയ്യാം. മണിക്കൂറിൽ 90 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാവും.
അഞ്ച് വന്ദേസാധാരൺ റേക്കുകളാണ് നിർമ്മാണം പൂർത്തിയായത്. എറണാകുളം ഗുവാഹത്തി റൂട്ടിനുപുറമേ പട്ന -ന്യൂഡൽഹി, ഹൗറ- ന്യൂഡൽഹി, ഹൈദരാബാദ് -ന്യൂഡൽഹി, മുംബയ് -ന്യൂഡൽഹി റൂട്ടിലും വന്ദേസാധാരൺ പുഷ്പുൾ എക്സ്പ്രസ് അനുവദിച്ചേക്കും. അടുത്ത വർഷത്തോടെ 23 റൂട്ടുകളിൽക്കൂടി വന്ദേസാധാരൺ എത്തിക്കാനാണ് നീക്കം. 600 എൻജിനുകൾ നിർമ്മിക്കാനുള്ള കരാർ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സിന് നൽകി.65കോടിയാണ് ഒരു റേക്കിന്റെ നിർമ്മാണച്ചെലവ്.
എ.സി ഇല്ല, നിരക്ക് കുറവ്
സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ദീർഘദൂര യാത്ര സാദ്ധ്യമാക്കുകയാണ് വന്ദേസാധാരണിന്റെ ലക്ഷ്യം. എ.സി കോച്ചുകളില്ല. ഭക്ഷണചാർജ്ജുമില്ല. കൂടിയ വേഗത, ആധുനിക സൗകര്യങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ഓരോ സീറ്റിലും മൊബൈൽ ചാർജ്ജിംഗ് സൗകര്യം, എല്ലാ കോച്ചുകളിലും സി.സി.ടി.വി, ബയോവക്വം ടോയ്ലെറ്റുകൾ,ഇൻഫർമേഷൻ ഡിസ്പ്ളേ സംവിധാനം, പുഷ്പുൾ സംവിധാനം,രണ്ട് ലോക്കോമോട്ടീവുകളുടെ പിന്തുണ എന്നിവയുമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |