കെഎസ്ആർടിസിയുടെ പുത്തൻ പദ്ധതി 'ഓൺ' ആയി; 'കെഎൽ 15' ബ്രാൻഡിൽ കുപ്പിവെള്ളം, ജീവനക്കാർക്ക് അധികവരുമാനം

Monday 27 April 2026 10:10 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ 'കെഎൽ 15' എന്ന ബ്രാൻഡിൽ കുപ്പിവെള്ളം വിൽക്കാൻ പദ്ധതിയുമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ 'ഹില്ലി അക്വ' ആണ് കെഎൽ 15 എന്ന ബ്രാൻഡിൽ നൽകുന്നത്. ഒരു കുപ്പി വെള്ളം വിറ്റാൻ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും.

എന്നാൽ കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. എതിർപ്പ് മറികടക്കാൻ ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ കരാർ ജീവനക്കാരെക്കൊണ്ട് കുപ്പിവെള്ള വിൽപന ആരംഭിക്കുമെന്നാണ് സൂചന. പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ കേരളകൗമുദി ഓൺലൈനോട് നേരത്തെ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകളിലാകും കുപ്പിവെള്ളം നൽകിത്തുടങ്ങുക. അധികം വൈകാതെ തന്നെ എല്ലാ റൂട്ടിലെയും ബസുകളിൽ കുപ്പിവെള്ളം ലഭിച്ചുതുടങ്ങും. ഓൺലൈനായി സീറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് ഒരു കുപ്പി വെള്ളം നൽകാനും ആലോചനയുണ്ട്. വെള്ളത്തിന്റെ തുക ടിക്കറ്റിനൊപ്പം ഈടാക്കും. ഒരു ദിവസം രണ്ടുലക്ഷം ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടക്കുന്ന സാഹചര്യത്തിൽ, എട്ടുലക്ഷം രൂപ ഇതുവഴി ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളക്കുപ്പികൾ വിൽപ്പന തുടങ്ങുന്നതോടെ എല്ലാ ബസുകൾക്കുള്ളിലും വേസ്റ്റ് ബിൻ സ്ഥാപിക്കും. നിലവിൽ ദീർഘദൂര ബസുകളിൽ മാത്രമാണ് വേസ്റ്റ്ബിൻ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം കെഎസ്ആർടിസി തന്നെ കൃത്യമായി നിർമാർജനം ചെയ്യും.