കോട്ടയം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. കരിപ്പാടം ദാറു സുബഹ് വീട്ടിൽ ടി എം റഷീദിന്റെ മകൻ മുർത്തസ അലിൻ റഷീദ് (27), വൈക്കം പുളിംതുരുത്തിൽ അബുവിന്റെ മകൻ റിദിക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്നാമനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് റഫ്രിജറേറ്ററുമായി പോയ ലോറിയും എതിരെ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. വിദേശത്തായിരുന്ന റിദിക് മുഹമ്മദ് ഒരു മാസം മുൻപ് നാട്ടിൽ മടങ്ങി എത്തി ബിസിനസ് നടത്തുകയായിരുന്നു. ഇരുവരും അവിവാഹിതരാണ്. വൈക്കത്തുള്ള റിദിക്കിന്റെ വീട്ടിൽ നിന്നും വെട്ടിക്കാട്ടുമുക്കിലുള്ള മുർത്തസയുടെ സ്ഥാപനത്തിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗവും തകർന്നു. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. അലിൻ റഷീദിന്റെ സംസ്‌കാരം കരിപ്പാടം മുഹിയുദീൻ ജമാ മസ്‌ജിദിൽ നടത്തും. മാതാവ് സജിത റഷീദ്, സഹോദരങ്ങൾ റിതു റഷീദ്, റയിസലി റഷീദ്. റിദിക് മുഹമ്മദിന്റെ സംസ്‌കാരം ഉദയനാപുരം നക്കംതുരുത്ത് ജുമാ മസ്‌ജിദിൽ നടത്തും. മാതാവ് റുക്സാന, സഹോദരങ്ങൾ അമാൻ, റിസാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |