തർക്കം തീരാതെ വകുപ്പ് വിഭജനം
തിരുവനന്തപുരം:വകുപ്പ് സംബന്ധിച്ചും പുതിയ സർക്കാരിൽ അസ്വാരസ്യങ്ങൾ. ഇന്നലെ വകുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല.മുൻധാരണയനുസരിച്ച് കെ. മുരളീധരന് വൈദ്യുതിയായിരുന്നു.അതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യവും ദേവസ്വവും നൽകി. ആരോഗ്യം നൽകിയിരുന്നത് എ.പി.അനിൽകുമാറിനായിരുന്നു. പകരം അദ്ദേഹത്തിന് റവന്യു നൽകണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. എന്നാൽ റവന്യു നൽകിയത് സണ്ണി
ജോസഫിനാണ്.
ലത്തീൻ സമുദായത്തിൽ നിന്നുള്ള മന്ത്രിയില്ലെന്ന് പരാതിപ്പെട്ട സഭയെ അനുനയിപ്പിക്കാൻ സഭാ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ഫിഷറീസ് വകുപ്പ് ലത്തീൻ സമുദായാംഗമായ ഷിബു ബേബിജോണിന് നൽകണമെന്ന വ്യവസ്ഥ അവർ മുന്നോട്ട് വച്ചു. ഷിബുവിന് ആദ്യം നൽകിയത് തൊഴിൽ വകുപ്പായിരുന്നു. അത് പോരെന്ന പരാതി ഉയർന്നപ്പോൾ വനം നൽകി. വനത്തിന് പുറമെ ഫിഷറീസ് കൂടി നൽകാനാവില്ലെന്ന തർക്കമുയർന്നു.
നിലവിലെ സ്ഥിതി
വി.ഡി. സതീശൻ (മുഖ്യമന്ത്രി) - ധനം, തുറമുഖം, നിയമം, പൊതുഭരണം
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ് പി.കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐ.ടി, ഹജ്ജ്, വഖഫ് സി.പി. ജോൺ - ഗതാഗതം മോൻസ് ജോസഫ് - ജലവിഭവം കെ. മുരളീധരൻ - ആരോഗ്യം,ദേവസ്വം സണ്ണി ജോസഫ് - റവന്യു ഷിബു ബേബി ജോൺ - വനം അനൂപ് ജേക്കബ് - ഭക്ഷ്യം എ.പി. അനിൽകുമാർ - വൈദ്യുതി പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം എം. ലിജു - എക്സൈസ്,സഹകരണം പി.കെ. ബഷീർ - പൊതുമരാമത്ത്
എൻ. ഷംസുദ്ദീൻ - വിദ്യാഭ്യാസം കെ.എം. ഷാജി - തദ്ദേശ സ്വയംഭരണം ടി. സിദ്ദിഖ് - തീരുമാനമായിട്ടില്ല ബിന്ദു കൃഷ്ണ - വനിത, ശിശുക്ഷേമം ഒ.ജെ. ജനീഷ് - യുവജന ക്ഷേമം റോജി എം. ജോൺ - ഉന്നത വിദ്യാഭ്യാസം കെ.എ. തുളസി - പട്ടികവിഭാഗ ക്ഷേമം വി.ഇ. അബ്ദുൽ ഗഫൂർ - തീരുമാനമായില്ല
വേദിയിൽ വി.ഐ.പികൾ: ഗവർണർ ആദ്യം എതിർത്തു
ക്ഷമാപണം നടത്തി സതീശൻ തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയിൽ വി.ഐ.പികൾക്ക് ഇരിപ്പിടം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഗവർണർ ആർ.വി ആർലേക്കർ. പൊതുഭരണ വകുപ്പും പ്രോട്ടോക്കോൾ വിഭാഗവും വേദിയെക്കുറിച്ച് ചർച്ചയ്ക്കായി ലോക്ഭവനിലെത്തിയപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറും ചീഫ്സെക്രട്ടറിയും മാത്രമേ വേദിയിൽ പാടുള്ളൂവെന്ന് ഗവർണർ നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്ത് മുൻകാലങ്ങളിൽ സത്യപ്രതിജ്ഞയിൽ തുടരുന്ന രീതി തുടരാനും ആവശ്യപ്പെട്ടു. എന്നാൽ, ഞായറാഴ്ച വൈകിട്ട് മന്ത്രിമാരുടെ പട്ടികയുമായി വി.ഡി. സതീശൻ എത്തിയപ്പോൾ, രാഹുൽഗാന്ധിയടക്കം ഉന്നത നേതാക്കളെ വേദിയിലിരുത്തി ആഘോഷമായി സത്യപ്രതിജ്ഞ നടത്താനാണ് താത്പര്യമെന്ന് അറിയിച്ചു. തന്റെ അഭിപ്രായം പൊതുഭരണ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ മറുപടി നൽകി. ഇന്നലെ പുലർച്ചെ വേദിയുടെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ലോക്ഭവൻ സെക്രട്ടറി കെ.വാസുകി വേദിയിൽ കൂടുതൽ കസേരകളുണ്ടെന്ന് ഗവർണറെ അറിയിച്ചു. അതോടെ ഗവർണർ ചീഫ്സെക്രട്ടറിയുമായി സംസാരിച്ചു. ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഹുൽ ഗാന്ധിയും മൂന്ന് മുഖ്യമന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും ഉന്നത കോൺഗ്രസ് നേതാക്കളുമെത്തുന്നതിനാൽ 40കസേരയിടാൻ അനുവദിക്കണമെന്ന് ചീഫ്സെക്രട്ടറി അഭ്യർത്ഥിച്ചു. സദസിന്റെ മുൻനിരയിൽ ഇവരെ ഇരുത്തുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്ന് പൊലീസ് റിപ്പോർട്ടുണ്ടെന്നും , സത്യപ്രതിജ്ഞ വൈകില്ലെന്നും ചീഫ്സെക്രട്ടറി അറിയിച്ചതോടെയാണ് ഗവർണർ വഴങ്ങിയത്.എന്നാൽ വേദിയിൽ നൂറോളം കസേരകളിടുകയും അതിന്റെ ഇരട്ടിപ്പേർ നിൽക്കുകയും ചെയ്തു. സ്റ്റേജ് സുരക്ഷ അപകടത്തിലാവുമെന്ന് താൻ ഭയന്നതായി സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ പറഞ്ഞു. പിന്നീട് ചായ സത്കാരത്തിനായി ലോക്ഭവനിലെത്തിയപ്പോഴാണ് വി.ഡി. സതീശൻ ഗവർണറോട് ക്ഷമാപണം നടത്തിയത്. മുൻനിരയിലെ വി.ഐ.പി സീറ്റുകളെല്ലാം പ്രവർത്തകർ കൈയടക്കിയതു കാരണം സംഭവിച്ചതാണെന്നും സതീശൻ വിശദീകരിച്ചപ്പോൾ അദ്ദേഹം ക്ഷമിച്ചു.
ചായ സത്കാരമൊരുക്കി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ഗവർണർ ആർ.വി.ആർലേക്കർ ലോക്ഭവനിൽ ചായസത്കാരം നൽകി. സെൻട്രൽ സ്റ്രേഡിയത്തിലെ സത്യപ്രതിജ്ഞാച്ചടങ്ങിനുശേഷം എല്ലാവരും ഔദ്യോഗിക വാഹനങ്ങളിൽ ലോക്ഭവനിലെത്തി. മുഖ്യമന്ത്രി വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഗവർണർക്കൊപ്പം ഒരു മേശയ്ക്ക് ചുറ്റുമിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ഭവനു മുന്നിൽ ഗവർണർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കുമടക്കമുള്ളവരും പങ്കെടുത്തു. ചായസത്കാരം വേഗത്തിൽ പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രിസഭാ യോഗത്തിനായി സെക്രട്ടേറിയറ്റിലേക്ക് പോയി. അതേസമയം, സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു വൈകിട്ട് ഗവർണറെ ലോക്ഭവനിൽ സന്ദർശിച്ചു.