വന്ദേഭാരതിലെ മോശം ഭക്ഷണം: ട്രെയിനിലെ ഭക്ഷ്യസുരക്ഷ ഗൗരവമായെടുക്കണം
തിരുവനന്തപുരം: വന്ദേഭാരതിലെ ഭക്ഷ്യസുരക്ഷ റെയിൽവേ ഗൗരവമായെടുക്കണമെന്ന് സംസ്ഥാനത്തെ എം.പിമാർ ആവശ്യപ്പെട്ടു. ഇന്നലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സംസ്ഥാനത്തെ റെയിൽവേ വികസനം സംബന്ധിച്ച എം.പിമാരുടെ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം വിതരണം ചെയ്തതിൽ ആശങ്കയുണ്ട്.
മോശം ഭക്ഷണം നൽകിയ കരാറുകാരന് ഒരുലക്ഷം രൂപ പിഴ ചുമത്തിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും റെയിൽവേ ജനറൽ മാനേജർ അറിയിച്ചു. എന്നാൽ കരാറുകാരനെ ബ്ളാക്ക് ലിസ്റ്റ് ചെയ്യണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷാനടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് സ്ഥലമേറ്റെടുക്കലാണ് തടസമെന്ന് ആർ.എൻ. സിംഗ് പറഞ്ഞു. തിരുവനന്തപുരം - ഷൊർണ്ണൂർ മൂന്നാം പാതയ്‌ക്ക് 163 ഏക്കർ നൽകണം. ബാലരാമപുരം - വിഴിഞ്ഞം റെയിൽവേ ലൈനായുള്ള സ്ഥലമേറ്റെടുക്കലും പൂർത്തിയായിട്ടില്ല. 200 മേൽപാലങ്ങൾക്ക് നിർമ്മാണാനുമതി ലഭിച്ചു. അമൃത് ഭാരത് പദ്ധതി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്‌ള്യാൻ സ്വാഗതം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഡോ. ശശി തരൂർ, അടൂർ പ്രകാശ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ജോൺ ബ്രിട്ടാസ്, ഹാരിസ് ബീരാൻ, തമിഴ്നാട്ടിൽ നിന്നുള്ള റോബർട്ട് ബ്രൂസ്, വി. വിജയ് വസന്ത് തുടങ്ങിയവർ പങ്കെടുത്തു. കെ.സി. വേണുഗോപാൽ ഓൺലൈനായി പങ്കെടുത്തു.
വന്ദേഭാരത് സ്ളീപ്പർ സർവീസ് വേണം
സംസ്ഥാനത്ത് ഓവർനൈറ്റ് വന്ദേഭാരത് സർവീസ് തുടങ്ങണം
ബംഗളൂരു- തിരുവനന്തപുരം, തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് സ്ളീപ്പർ സർവീസ് വേണം
കുംഭമേളയ്‌ക്കായി കൊണ്ടുപോയ റേക്കുകൾ തിരിച്ചുകൊണ്ടുവരണം
മെമു, പാസഞ്ചർ, ഡെ എക്സ്‌പ്രസ് ട്രെയിനുകളിൽ കൂടുതൽ കോച്ചും സീറ്റും വേണം