കൊച്ചി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് തത്കാലം തുടരാം. വെള്ളിയാഴ്ച വരെ തത്‌സ്ഥിതി നിലനിറുത്താൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ, വി.സിമാർ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
സർവകലാശാലകളുടെ എക്സിക്യൂട്ടീവ് കൗൺസിലോ, ജനറൽ കൗൺസിലോ, ഭരണസമിതിയോ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിനും താത്കാലിക വിലക്കുണ്ട്. താത്കാലിക വി.സിമാരായ ഡോ.സിസ തോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (ടെക്നിക്കൽ) എന്നിവരുടെ കാലാവധി ഇന്നലെ പൂർത്തിയാകുമെന്ന നിയമപ്രശ്നം നിലനിൽക്കേയാണ് നിർദ്ദേശം.
ചാൻസലറായ ഗവർണർ സമർപ്പിച്ച അപ്പീലുകളും താത്കാലിക വി.സിമാരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദം നാളെ തുടരും. രണ്ടു സർവകലാശാലകളിലും ആറു മാസക്കാലയളവിൽ താത്കാലിക വി.സിമാരെ നിയമിച്ച ചാൻസലറുടെ നടപടി നിയമപരമല്ലെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിൾബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് ചാൻസലറുടെ അപ്പീൽ.
വി.സി നിയമനങ്ങളിൽ 2018ലെ യു.ജി.സി റെഗുലേഷനാണ് അന്തിമമെന്നും അതുപ്രകാരമാണ് നിയമനം നടത്തിയതെന്നും ചാൻസലർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, സർവകലാശാല നിയമങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. ആറുമാസ കാലാവധി സർവകലാശാലാ നിയമത്തിലാണ് അനുശാസിക്കുന്നത്. അത് ഈ നിയമനങ്ങൾക്ക് ബാധകമല്ലെന്നും സ്ഥിരം വി.സിമാരെ നിയമിക്കുന്നതുവരെ ഇരുവരും ഒഴിയേണ്ടതില്ലെന്നും വാദിച്ചു.
'സ്ഥിരം വി.സിക്കായി നടപടി'
സ്ഥിരം വി.സി നിയമനത്തിനായി സർക്കാരിന്റെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് ഹൈക്കോടതിയെ അറിയിച്ചു. താത്കാലിക വി.സിമാർക്ക് തുടരാൻ അർഹതയില്ലെന്നും വാദിച്ചു.
അതേസമയം, തങ്ങളുടെ നിയമനം കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരമായതിനാൽ തുടരാനുള്ള അവകാശമുണ്ടെന്ന് ഡോ.സിസയും ഡോ.ശിവപ്രസാദും വാദിച്ചു.
ഡോ. സിസയുടെ ബാദ്ധ്യത
പരിശോധിക്കുന്നെന്ന് സർക്കാർ,
വിചിത്രമെന്ന് ഹൈക്കോടതി
കൊച്ചി: ഔദ്യോഗികമായി വിരമിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഡോ. സിസ തോമസിന്റെ സർവീസ് കാലത്തെ ബാദ്ധ്യതകളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. നോൺ-ലയബിലിറ്റിയുടെയും അച്ചടക്ക നടപടിയുടെയും കാര്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ വിരമിക്കുന്ന തീയതിക്കു മുൻപു തന്നെ കണ്ടെത്തേണ്ടതാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിനെതിരെ സിസ തോമസ് നൽകിയ ഹർജി തുടർന്ന് ഉത്തരവിനായി മാറ്റി.
ബാദ്ധ്യതാ സർട്ടിഫിക്കറ്റിന്റെ കാര്യം പരിശോധിച്ചുവരികയാണെന്ന് സർക്കാർ വിശദീകരണം നൽകിയപ്പോൾ, 'നിങ്ങൾ ഇപ്പോഴും നോക്കിക്കൊണ്ടിരിക്കുകയാണോ? വിചിത്രമായി തോന്നുന്നു" എന്ന് കോടതി പറഞ്ഞു.
ബന്ധപ്പെട്ട ഫയൽ വരുത്തി പരിശോധിക്കണമെന്ന് ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം ആവശ്യപ്പെട്ടു.
ഡോ.സിസയ്ക്ക് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാത്തതിന്റെ കാരണം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
2023 മാർച്ച് 31ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പദവിയിലിരിക്കെയാണ് സിസ തോമസ് വിരമിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്. ഗവർണറുടെ നിർദ്ദേശപ്രകാരം ഹർജിക്കാരി ഇപ്പോൾ ഡിജിറ്റൽ സർവകലാശാല വി.സിയുടെ താത്കാലിക ചുമതല വഹിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |