#രാമനിലയത്തിൽ
ഗവർണർ-വി.സി
കൂടിക്കാഴ്ച
തൃശൂർ: വിദ്യാർത്ഥികൾ എന്നു പറയുന്ന ഒരുസംഘം അക്രമം നടത്തുന്നതിനാലാണ് കേരള യൂണിവേഴ്‌സിറ്റിലേക്ക് പോകാത്തതെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ. 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ വി.സിയെ കാത്തുകിടക്കുന്നുവെന്നുള്ള പ്രചാരണം പച്ചക്കള്ളമാണ്. 400 ഡിഗ്രി സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഒപ്പിടാനുള്ളത്. ഓഫീസിൽ ചെന്നാൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.
അതേസമയം,തൃശൂരിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ഗവർണറുമായി രാമനിലയത്തിൽ വി.സി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ വൻ പൊലീസ് സന്നാഹം ഒരുക്കി. വിദ്യാർത്ഥി സംഘടനകൾ വിവരം അറിഞ്ഞപ്പോഴേക്കും രണ്ടുപേരും മടങ്ങിയിരുന്നു.
ഗവർണറുടെ പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് അത് അദ്ദേഹമാണ് പറയേണ്ടതെന്ന് വി.സി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കേരള യൂണിവേഴ്സിറ്റിയുടെ അധികച്ചുമതല ഒഴിവാക്കണമെന്ന് പറഞ്ഞിട്ടില്ല.
ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി താനല്ല. ഓൺലൈനിൽ ഫയൽ നോക്കാനുള്ള സൗകര്യം ചിലർ തടഞ്ഞു.
തന്റെ കാലു വെട്ടിയാൽ പ്രശ്‌നമില്ല, പക്ഷേ തന്നെ സംരക്ഷിക്കാൻ വരുന്ന പൊലീസുകാർക്കും പരിക്കേൽക്കും. അക്രമം നടത്തുന്നത് ഗുണ്ടകളാണ്. അവർ രക്ഷപ്പെടും. അടി കിട്ടുന്നത് വിദ്യാർത്ഥികൾക്കായിരിക്കും.
രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി.സിക്ക് അധികാരമില്ലെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യാം. എന്തിനാണ് കോടതിയിൽ നിന്ന് പരാതി പിൻവലിച്ചത്. വൈസ് ചാൻസലർക്ക് മാത്രമാണ് സിൻഡിക്കേറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാനുള്ള അവകാശം. ഇല്ലെങ്കിൽ വൈസ് ചാൻസലർ ചുമതലപ്പെടുത്തുന്ന ആളുകൾക്കാണ് അവകാശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |