തിരുവനന്തപുരം: ഓഫീസിൽ കയറരുതെന്ന വൈസ്ചാൻസലറുടെ നിർദ്ദേശം അവഗണിച്ച് രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഇന്നലെ ഓഫീസിലെത്തി. തടയണമെന്ന് സെക്യൂരിറ്രി ഓഫീസർക്ക് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.
ഇന്നലെ രാവിലെ പത്തോടെ സർവകലാശാലയിലെത്തിയ അനിൽകുമാറിനെ സിൻഡിക്കേറ്റ് അംഗങ്ങളും ജീവനക്കാരുടെ ഇടത് സംഘടനാ നേതാക്കളും ചേർന്ന് സ്വീകരിച്ച് മുറിയിലേക്കെത്തിച്ചു. ഓഫീസിൽ പ്രവേശിക്കരുതെന്ന് വി.സിയുടെ ഉത്തരവുണ്ടെന്ന് സെക്യൂരിറ്റി ഓഫീസറായ ഡിവൈ.എസ്.പി അറിയിച്ചെങ്കിലും ഡോ.അനിൽകുമാർ വക വച്ചില്ല. പിന്നാലെ, ഡോ.അനിൽകുമാറിന് ഡിജിറ്റൽ ഫയലുകൾ നൽകരുതെന്ന് കമ്പ്യൂട്ടർ സെന്റർ ഡയറക്ടറോട് വി.സി നിർദ്ദേശിച്ചു.
എന്നാൽ സിൻഡിക്കേറ്റംഗങ്ങളും ഡോ.അനിൽകുമാറും നിർബന്ധപൂർവം ഡിജിറ്റൽ ഫയലുകളുടെ ലോഗിൻ തിരിച്ചെടുത്തു. ഡോ.അനിൽകുമാർ പരിശോധിച്ച് വി.സിക്കയച്ച ഫയലുകൾ അദ്ദേഹം തിരിച്ചയച്ചു. അനിൽകുമാർ വഴി നൽകുന്ന ഒറ്റ ഫയലും അംഗീകരിക്കില്ലെന്ന് വി.സി ജോയിന്റ് രജിസ്ട്രാർമാരെ അറിയിച്ചു. ഫയലുകൾ അനിൽകുമാറിനെ ഒഴിവാക്കി തനിക്ക് നേരിട്ട് അയയ്ക്കാനാണ് നിർദ്ദേശം. ഡോ.അനിൽകുമാറിന് നൽകിയ ഡിജിറ്റൽ ഫയൽ നീക്ക ലോഗിൻ റദ്ദാക്കാൻ കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്ക് വി.സി ഉത്തരവ് നൽകി. ഇതോടെ സർവകലാശാലയിൽ കടുത്ത ഭരണസ്തംഭനമാണ്. വി.സി ഒപ്പിട്ടാലേ എല്ലാ തീരുമാനങ്ങളും നടപ്പാക്കാനാവൂ.
സസ്പെൻഷനിലുള്ള അനിൽകുമാർ രജിസ്ട്രാറുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് വിസിക്കും ജോയിന്റ് രജിസ്ട്രാർക്കും നൽകിയ റിപ്പോർട്ടിൽ
സർവകലാശാല സെക്യൂരിറ്റി ഓഫീസർ പറയുന്നത്. വി.സി രജിസ്ട്രാറുടെ ചുമതല നൽകിയ പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് ഫയൽ ട്രാൻസ്ഫർ ഐ ഡി നൽകുന്നത് ജീവനക്കാരുടെ സംഘടനാ നേതാക്കൾ വിലക്കി. നിലവിൽ സർവകലാശാലയിൽ രജിസ്ട്രാർ പദവിയിൽ രണ്ടു പേർ തുടരുകയാണ്. വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഇന്നലെ സർവകലാശാലയിൽ
എത്തിയില്ല. സർവകലാശാലയിലെ സംഭവങ്ങളെക്കുറിച്ച് ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |