തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലും സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറും തമ്മിലുള്ള തർക്കം മുറുകുന്നു. അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർനടപടി പാടില്ലെന്ന് വി.സി നിർദ്ദേശിച്ചു. ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്ന് ജോയിന്റ് രജിസ്ട്രാർമാരെ അറിയിച്ചു.
ഡിജിറ്റൽ ഫയലിംഗ് പൂർണമായി തന്റെ നിയന്ത്രണത്തിൽ വേണമെന്ന് ഇ-ഫയലിംഗ് പ്രൊവൈഡർമാരോട് വി.സി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇ-ഫയലിംഗ് പ്രൊവൈഡർമാർ നിർദ്ദേശം അംഗീകരികരിച്ചില്ല. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന വി.സിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഇവർ വിസമ്മതിച്ചു. സിൻഡിക്കേറ്റിലെ ഇടതംഗങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നാണിത്. ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയാണ് സർവീസ് പ്രൊവൈഡർ. സർവകലാശാലയുമായി കരാർ ഒപ്പിട്ടത് കെൽട്രോൺ ആണെന്നും അതിനാൽ കെൽട്രോണിന്റെ അനുമതി വേണമെന്നുമാണ് അവരുടെ നിലപാട്. രജിസ്ട്രാർ ഐ.ഡി രജിസ്ട്രാറുടെ ചുമതല നൽകിയിട്ടുള്ള ഡോ.മിനി കാപ്പന് നൽകിയെങ്കിലും സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം അത് തിരികെ അനിൽകുമാറിന് തന്നെ നൽകി. നോഡൽ ഓഫീസർമാർക്ക് നൽകിയിട്ടുള്ള അഡ്മിൻ അധികാരം വിച്ഛേദിക്കാനും സൂപ്പർ അഡ്മിൻ ആക്സസ് വി.സിക്ക് മാത്രമായി നൽകാനുമുള്ള വി.സിയുടെ നിർദ്ദേശവും സർവീസ് പ്രൊവൈഡർ നടപ്പാക്കിയില്ല.
അതിനിടെ, രജിസ്ട്രാറായുള്ള അനിൽകുമാറിന്റെ നിയമനത്തിൽ അപാകതയില്ലെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. സർവകലാശാലാ ചട്ടത്തിലെ പന്ത്രണ്ടാം വകുപ്പനുസരിച്ച് സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തിയാണ് അനിൽകുമാറിനെ നാലുവർഷത്തേക്ക് നിയമിച്ചത്. എയ്ഡഡ് കോളേജിലെ അദ്ധ്യാപകനായതിനാൽ സേവന, വേതന വ്യവസ്ഥകൾ തുടരാൻ വേണ്ടി നിയമനത്തിനുശേഷം ഡെപ്യൂട്ടേഷന് സർക്കാർ അംഗീകാരം നൽകുകയായിരുന്നുവെന്നാണ് വിശദീകരണം.
നൂറിലേറെ ഫയലുകൾ
മിനി കാപ്പൻ അയയ്ക്കുന്ന ഫയലുകളേ വി.സി പരിഗണിക്കുന്നുള്ളൂ. അതേസമയം, വി.സിയുടെ തീർപ്പ് ആവശ്യമില്ലാത്ത നൂറിലേറെ ഫയലുകളിൽ അനിൽകുമാർ തീരുമാനമെടുത്തിട്ടുണ്ട്. ഈ ഫയലുകളുടെ സാധുത ആശങ്കയിലാണ്. അതിനിടെ മിനി കാപ്പൻ താത്കാലിക ചുമതലയൊഴിയാൻ താത്പര്യമറിയിച്ചെങ്കിലും തുടരാൻ വി.സി നിർദ്ദേശിച്ചു. അനിൽകുമാറിന് അഡ്മിൻ അധികാരം ലഭിച്ചെങ്കിലും പുതിയ ഫയലുകളൊന്നും വി.സിക്ക് അയച്ചിട്ടില്ല. സസ്പെൻഷനിലായിട്ടും രജിസ്ട്രാർ ഓഫീസിലെത്തുന്നതിനെതിരേ സിൻഡിക്കേറ്റിലെ ബി.ജെ.പി അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കും.
വി.സിക്ക് സുരക്ഷയൊരുക്കണം
കേരള സർവകലാശാലയുടെ സുരക്ഷ ശക്തമാക്കണമെന്നും വി.സിയ്ക്ക് സുരക്ഷയൊരുക്കണമെന്നും
ഗവർണർ ആർ.വി.ആർലേക്കറുടെ നിർദ്ദേശം. ഡി.ജി.പി റവാഡ ചന്ദ്രശേഖറിനെ വിളിച്ചുവരുത്തിയാണ് ഇക്കാര്യമറിയിച്ചത്. ക്രമസമാധന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |