സതീശ വിസ്മയത്തിൽ പുതുയുഗ പ്രതി‌ജ്ഞ , വി.ഡി സർക്കാർ അധികാരമേറ്റു

Tuesday 19 May 2026 12:16 AM IST

തിരുവനന്തപുരം: ജനാവേശത്തിന്റെ വേലിയേറ്റത്തിലായിരുന്നു വി.ഡി.സതീശൻ ടീമിന്റെ സത്യപ്രതി‌ജ്ഞ. സെൻട്രൽ സ്റ്റേഡിയത്തിനും തലസ്ഥാന നഗരത്തിനും താങ്ങാനാവാത്ത വിധമായിരുന്നു ജനപ്രവാഹം. ഒരു പതിറ്റാണ്ടിനുശേഷം അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിൽ യു.ഡി.എഫ് പ്രവർത്തക‌ർ ആർത്തലച്ചു. നിറപുഞ്ചിരിയോടെ ശാന്തനായിരുന്നു സതീശൻ. ഭരണസംവിധാനത്തിന് പുതിയ മുഖം നൽകാനുള്ള ദൃഢനിശ്ചയം ആ മുഖത്ത് നിഴലിച്ചിരുന്നു. വേദിയിലും സദസിലുമുള്ള യു.ഡി.എഫിലെയും പ്രതിപക്ഷ നിരയിലെയും സമുന്നത നേതാക്കളെയെല്ലാം സതീശൻ വണങ്ങി. വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ പുതുയുഗപ്പിറവിറവിയുടെ ആവേശത്തിലായിരുന്നു അണികളും അഭ്യുദയ കാംക്ഷികളും.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങ് ഒരു മണിക്കൂർകൊണ്ട് പൂർത്തിയാവുമ്പോഴും ജനാവേശം തിരതല്ലുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ. എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമുള്ള ആർ.എസ്.പി നേതാവ് ഷിബുബേബിജോണും സി.എം.പി നേതാവ് സി.പി. ജോണും സഗൗരവവും മറ്റുള്ളവർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ജനം ഇരച്ചുകയറി

ഇന്നലെ പുലർച്ചെ മുതൽ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു.തിക്കിലും തിരക്കിലും തളർന്നുവീണ നാല് പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. 3000 പേർക്കുള്ള ഇരിപ്പിടമാണ് സജ്ജമാക്കിയിരുന്നത്. അതിന്റെ നാലിരട്ടി ജനമാണ് ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വൻ സന്നാഹം സജ്ജമാക്കിയിരുന്നെങ്കിലും അതൊന്നും ഫലവത്തായില്ല. എം.എൽ.എമാരുൾപ്പെടെയുള്ള വി.ഐ.പികൾക്ക് ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നു. ചില സമയങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിന്റെ വക്കോളമെത്തി.

പ്രമുഖരുടെ നീണ്ടനിര

തിരുവനന്തപുരം: വി.‌ഡി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖരുടെ വലിയ നിരയാണ് എത്തിയത്. ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി,​ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, നിയുക്ത പ്രതിപക്ഷ നേതാവ് പിണറായിവിജയൻ,കെ.സി. വേണുഗോപാൽ എം.പി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമർക്ക,​

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ,​ മുൻ കേന്ദ്രമന്ത്രി അംബികാ സോണി, നിയുക്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.