മോദി- വി.ഡി.സതീശൻ കൂടിക്കാഴ്ച കേരള രക്ഷയ്ക്ക് സഹായം തേടി പി.എം ശ്രീ പദ്ധതിയിൽ സസ്‌പെൻസ് കേന്ദ്ര ധനമന്ത്രിയുമായും കൂടിക്കാഴ്ച
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദ്യകൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ മുൻഗണനകൾ അറിയിച്ചു. സ്വപ്‌നപദ്ധതികൾക്ക് എല്ലാ സഹായവും അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ 7, ലോക് കല്യാൺ മാർഗിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ കർത്തവ്യഭവനിലെ ഓഫീസിലെത്തി കണ്ടു. ചീഫ് സെക്രട്ടറി എ.ജയതിലക് അടക്കം ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. ദേശീയപാത വികസനത്തിനു ഭൂമിയേറ്റടുത്തതുമായി ബന്ധപ്പെട്ട് 25% തുകയായ 5,580 കോടി കേരളം ദേശീയപാത അതോറിട്ടിക്ക് കൈമാറിയിരുന്നു. ആ തുക കടമെടുപ്പിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലവിലുള്ള പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അനുകൂല നിലപാടുണ്ടാകുമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും പ്രതികരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുവരും ചില നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്കു മുന്നിലും വച്ചിട്ടുണ്ട്. ധനസ്ഥിതിയിൽ ജൂൺ ആദ്യ ആഴ്ചയോടെ ധവളപത്രമിറക്കിയശേഷം വിശദമായ രൂപരേഖയുമായി വീണ്ടും കേന്ദ്രത്തെ സമീപിക്കും.
പി.എം ശ്രീയിൽ നിയമവശം
പരിശോധിച്ച് തീരുമാനം
പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും കണ്ടശേഷം കേരള ഹൗസിൽ വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി, പി.എം ശ്രീ പദ്ധതിയിൽ നിലപാട് എന്താണെന്ന് വ്യക്തമാക്കിയില്ല. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന തന്ത്രപരമായ മറുപടിയാണ് നൽകിയത്. എൽ.ഡി.എഫ് സർക്കാർ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ട വിഷയത്തിൽ അതിന്റെ പ്രത്യാഘാതം കൂടി പഠിച്ചശേഷമല്ലേ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്ന് പ്രതികരിച്ചത് ശ്രദ്ധേയമാണ്. മുനമ്പത്തെ പാവപ്പെട്ടവരെ ഇറക്കിവിടുന്ന സാഹചര്യമുണ്ടാകില്ലെന്നും ഭൂമിയുടെ പൂർണ അവകാശം വാങ്ങികൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസ് അട്ടിമറി: റിപ്പോർട്ട്
നോക്കി ഉചിത നടപടി
നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയിൽ നടന്ന 'രക്ഷാപ്രവർത്തന" സംഭവവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസുകാർ ആരോപണമുന്നയിച്ചിരുന്നു. ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച് ഉചിത തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.