ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത് , വിനേഷിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

Sunday 24 May 2026 12:06 AM IST

ന്യൂഡൽഹി: ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കണമെന്ന് ഉത്തരവിട്ട ഡൽഹി ഹൈക്കോടതി, പ്രകടനം വീഡിയോയിൽ ചിത്രീകരിക്കാനും നിർദ്ദേശിച്ചു. മേയ് 30,31 തീയതികളിലാണ് ട്രയൽസ്. വിനേഷിന്റെ ട്രയൽസുമായി ബന്ധപ്പെട്ട നടപടികളുടെ മേൽനോട്ടത്തിന് രണ്ട് സ്വതന്ത്ര നിരീക്ഷകരെ കേന്ദ്രസർക്കാർ നിയോഗിക്കണം. സ്‌പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ, ഇന്ത്യൻ ഒളമ്പിക് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കണം. റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതിക്ക് കൈമാറണം. ചീഫ് ജസ്റ്റിസ് ഡി.കെ ഉപാദ്ധ്യായ,ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെ‌ഞ്ചിന്റെ 15 പേജുള്ള ഉത്തരവിൽ ഫെഡറേഷനെതിരെ രൂക്ഷമായ വിമർശനമാണ്. വിനേഷിന് ഫെഡറേഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ വാക്കുകൾ ദുരുദ്ദ്യേശത്തോടെയുള്ളതാണ്. അമിതഭാരത്തിന്റെ പേരിൽ പാരീസ് ഒളിമ്പിക്സ് ഫൈനലിൽ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. അതിനെ 'ദേശീയ നാണക്കേടാണെന്നാണ്' നോട്ടീസിൽ ഫെഡറേഷൻ കുറ്റപ്പെടുത്തിയത്. വിനേഷ് ഒരു തെറ്രും ചെയ്‌തിട്ടില്ലെന്ന് കോർട്ട് ഒഫ് ആ‌ർബിട്രേഷൻ ഫോർ കോർട്ട് കണ്ടെത്തിയിട്ടും ഇത്തരത്തിൽ പരാമർശം നടത്തി. ഇതു ഒഴിവാക്കാമായിരുന്നു. ഫെഡറേഷന്റെ പ്രതികാരബുദ്ധിയാണ് ഇതിൽ തെളിയുന്നത്. ഇപ്പോൾ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുന്നത് അവർ മാതാവായി എന്നു പറഞ്ഞുകൊണ്ടാണ്. വിനേഷനിനെ പോലുള്ള രാജ്യാന്തര പ്രശസ്‌തരായ താരങ്ങളെ ഒഴിവാക്കാൻ മാതൃത്വം കാരണമായി മാറരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിനേഷിന്റെ ഹർജി പരിഗണിച്ചാണ് നിർണായക ഉത്തരവ്.

വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവരാനൊരുങ്ങുന്ന വിനേഷിന് ഫെഡറേഷൻ ഈമാസമാദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ജൂൺ 26വരെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.പാരീസ് ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ശേഷം ഭാരക്കൂടുതൽ കാരണം ഒഴിവാക്കപ്പെട്ടതിലും ഉത്തേജക വിരുദ്ധ നടപടികൾ പാലിക്കാത്തതിനും വിശദീകരണം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്