തയ്യൽക്കാരനിൽ നിന്ന് ചിത്രകഥാകാരൻ : കണ്ണാടി വിശ്വനാഥൻ നായർ ഓർമ്മയായി

Saturday 16 May 2026 1:33 AM IST

പാലക്കാട്: 'ഇരുമ്പുകൈ മായാവി", 'സി.ഐ.ഡി മൂസ", 'സി.ഐ.ഡി മഹേഷ്", 'ബോയിംഗ് ബോയിംഗ്" തുടങ്ങി 123ഓളം ചിത്രകഥകൾ മലയാളികൾക്ക് സമ്മാനിച്ച ചിത്രകഥാ രചയിതാവ് കണ്ണാടി വിശ്വനാഥൻ നായർ (93) യാത്രയായി. കണ്ണാടി പ്രഭാമന്ദിരത്തിൽ വച്ച് വിടപറഞ്ഞ വിശ്വനാഥന്റെ മൃതദേഹം ഇന്നലെ രാവിലെ 11ഓടെ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കരിച്ചു.

പത്താം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ചെന്നൈയിൽ നിന്ന് തയ്യൽ ജോലികൾ പഠിച്ച് കുന്നത്തൂർമേട്ടിൽ തയ്യൽക്കട ആരംഭിച്ച വിശ്വനാഥനോട്, അച്യുതൻ ബുക്ക് ഹൗസാണ് ചിത്രകഥകൾ വിവർത്തനം ചെയ്യാമോ എന്ന് ചോദിക്കുന്നത്. അത് ജീവിതഗതി മാറ്റി. പിന്നീട് സി.ഐ.ഡി മൂസ, സി.ഐ.ഡി മഹേഷ്, സി.ഐ.ഡി മൈക്കിൾ, റിവോൾവർ റിങ്കോ തുടങ്ങിയ കഥാപാത്രങ്ങൾ വായനക്കാരുടെ മനസിൽ ഇടം നേടി. 'ടമാർ പഠാർ" പോലുള്ള രസകരമായ പ്രയോഗങ്ങൾ പോലും ജനപ്രിയമായി.

1960 - 70 കാലഘട്ടങ്ങളിൽ കുട്ടികളുടെയും യുവാക്കളുടെയും പ്രിയ എഴുത്തുകാരനായി. സ്വിച്ച് അമർത്തുമ്പോൾ കീഴ്‌മേൽ മറിയുന്ന കെട്ടിടങ്ങളും മനുഷ്യരെ പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളും കുട്ടികളുടെ അത്ഭുതലോകമായി. കുറ്റാന്വേഷണവും സസ്‌പെൻസും ശാസ്ത്ര സങ്കല്പ ലോകങ്ങളും ഇടകലർന്ന കഥകളായിരുന്നു 'കണ്ണാടി വിശ്വനാഥൻ" എന്ന തൂലികാനാമത്തിൽ പുറത്തുവന്നത്. തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവയാണ് ആദ്യകാല കൃതികൾ. 1983ൽ പുറത്തിറങ്ങിയ 'ശൂന്യാകാശത്തിലെ ക്ഷുദ്ര ജീവികളായിരുന്നു അവസാന ചിത്രകഥ. 1932ൽ പാലക്കാട് കണ്ണാടിയിൽ ചുങ്കമന്ദം യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകിയമ്മയുടെയും മകനായാണ് ജനനം. ഭാര്യ: ശാരദ അമ്മ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്.