മുനമ്പം വഖഫ് ഭൂമി ഉമീദ് പോർട്ടലിൽ

Sunday 24 May 2026 1:52 AM IST

കൊച്ചി: മുനമ്പത്തെ വിവാദ വഖഫ് ഭൂമി കേന്ദ്രസർക്കാരിന്റെ വഖഫ് പോർട്ടലായ ഉമീദിൽ ഇന്നലെ രജിസ്റ്റർ ചെയ്തു. ഇതിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതിയായിരുന്നു ഇന്നലെ. കേരള വഖഫ് ബോർഡാണ് ഭൂമിയുടെ മുത്തവല്ലി സ്ഥാനം ഏറ്റെടുത്ത് 404 ഏക്കർ രജിസ്റ്റർ ചെയ്തത്. രേഖാമൂലമുള്ള വിസ്തൃതിയാണിത്. നൂറിൽപരം ഏക്കർ മാത്രമാണിവിടെ ശേഷിക്കുന്നത്. വഖഫ് നിയമത്തിൽ കേന്ദ്രസർക്കാർ നടത്തിയ ഭേദഗതി പ്രകാരം വഖഫ് ഭൂസ്വത്തുക്കളെല്ലാം ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവ വഖഫായി പരിഗണിക്കപ്പെടില്ല.

കോഴിക്കോട് ഫാറൂഖ് കോളേജിന്റെ ആവശ്യങ്ങൾക്കായി അബ്ദുൾ സത്താർ സേട്ടാണ് 1950ൽ ഭൂമി വഖഫായി ക്രയവിക്രയാവകാശത്തോടെ നൽകിയത്. വഖഫ് നിയമപ്രകാരം വഖഫ് ഭൂമിക്ക് ക്രയവിക്രയം അനുവദനീയമല്ല. അതിനാൽ തന്നെ ഈ വഖഫിന് സാധുതയില്ലെന്നാണ് പ്രധാന വാദങ്ങളിലൊന്ന്. 1989ൽ ഇപ്പോഴത്തെ കൈവശക്കാർ ഫാറൂഖ് കോളേജിൽ നിന്ന് ഭൂമി തീറുവാങ്ങിയെങ്കിലും ഇത് തിരിച്ചുപിടിക്കാൻ 2018ൽ വഖഫ് ട്രൈബ്യൂണൽ ഉത്തരവായതോടെയാണ് വലിയ വിവാദത്തിലായത്. 610 കുടുംബങ്ങളാണ് തർക്കഭൂമിയിലുള്ളത്.

വഖഫ് രജിസ്റ്ററിലുള്ള ഭൂസ്വത്തുക്കൾ പോർട്ടലിൽ ഉൾപ്പെടുത്തുന്നതിൽ അസാധാരണമായി ഒന്നുമില്ല. നിലവിലെ കേസിൽ വഖഫ് ട്രൈബ്യൂണൽ മുനമ്പം ഭൂസംരക്ഷണസമിതിക്ക് അനുകൂലമായി വിധിച്ചാൽ പോർട്ടൽ രജിസ്ട്രേഷൻ റദ്ദാകും.

ജോസഫ് ബെന്നി കുറുപ്പശ്ശേരി

കൺവീനർ, മുനമ്പം ഭൂസംരക്ഷണ സമിതി