വർക്ക് ഫ്രം ഹോം: മുഖം തിരിച്ച് ഐ.ടി കമ്പനികൾ
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വർക്ക്ഫ്രം ഹോം തൊഴിൽ രീതിക്ക് മുൻഗണന നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയോട് തണുപ്പൻ പ്രതികരണവുമായി ഐ.ടി മേഖല. ഹൈബ്രിഡ് രീതിയിൽ മാറ്റം വരുത്താൻ കേരളത്തിലെ കമ്പനികൾ തയ്യാറല്ല.
ഇന്ധനച്ചെലവ് ചുരുക്കുന്നതിനാണ് വർക്ക്ഫ്രം ഹോമിന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. ഏതാനും ദിവസം വീട്ടിലും കൂടുതൽ ദിവസം ഓഫീസിലെത്തിയും ജോലിയെന്ന രീതിയാണ് തുടരുന്നത്. കൊവിഡിനു ശേഷം ക്രമപ്പെടുത്തിയ ഹൈബ്രിഡ് രീതിയിൽ മാറ്റം എളുപ്പമല്ലെന്ന നിലപാടിലാണ് കമ്പനികളുടെ സംഘടനയായ നാസ്കോം, ജി.ടെക് എന്നിവ.
തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം ചലനം സൃഷ്‌ടിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ബിസിനസ് ആവശ്യങ്ങൾ, ഇടപാടുകാരുമായുള്ള കൂടിക്കാഴ്‌ചകൾ, ചർച്ചകൾ എന്നിവ സുഗമമായി നടത്താൻ ഭൂരിപക്ഷം ജീവനക്കാരും ഓഫീസിൽ ആവശ്യമാണെന്ന് ഇൻഫോപാർക്കിലെ കമ്പനികൾ പറയുന്നു. വിദൂര സ്ഥലങ്ങളിലെ അതിവേഗ ഇന്റർനെറ്റ് ലഭ്യത ഉൾപ്പെടെ പ്രായോഗിക പ്രശ്‌നങ്ങളുമുണ്ട്.
പിന്തുണച്ച്
ടെക്കികൾ
വർക്ക്ഫ്രം ഹോമിന് ജീവനക്കാർ അനുകൂലമാണ്. ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഐ.ടി എംപ്ളോയീസ് സെനറ്റ് (എൻ.ഐ.ടി.ഇ.എസ്) കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവിയയ്ക്ക് നൽകിയ നിവേദനത്തിൽ വർക്ക്ഫ്രം ഹോം നിയമപരമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഐ.ടി, അനുബന്ധ മേഖലകളിലെ ജീവനക്കാർ കമ്പനികളിലെത്താൻ വളരെ ദൂരം യാത്രയും ഗതാഗക്കുരുക്കും സമയനഷ്‌ടവും സമ്മർദ്ദവും നേരിടുന്നുണ്ട്.
നാലു ദിവസം വരെ ഓഫീസിലും ബാക്കി വീട്ടിലുമെന്നതാണ് ഹൈബ്രിഡ് രീതി. കൂടുതൽ ദിവസം ഓഫീസിലെത്താനാണ് കമ്പനികൾ നിർദ്ദേശിക്കുന്നതെന്ന് പ്രോഗ്രസീവ് ടെക്കീസ് കൺവീനർ അനീഷ് പന്തലാനി പറഞ്ഞു.