സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം, പുരസ്‌കാരം സ്വീകരിക്കില്ല; നിലപാട് മുമ്പേയുള്ളതെന്ന് എം സ്വരാജ്

Thursday 26 June 2025 9:57 PM IST

കൊച്ചി: കേരള സാഹിത്യ അക്കാദമി ഉപന്യാസ വിഭാഗത്തില്‍ പ്രഖ്യാപിച്ച പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുമ്പ് തന്നെയുള്ള നിലപാടാണെന്നും അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നതിനാല്‍ വൈകിയാണ് അവാര്‍ഡ് പ്രഖ്യാപന വിവരം അറിഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

'പൂക്കളുടെ പുസ്തകം' എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡാണ് സ്വരാജിന് ലഭിച്ചത്. സി.ബി കുമാര്‍ അവാര്‍ഡിനാണ് സ്വരാജിന്റെ പുസ്തകം അര്‍ഹമായത്. അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നും അദ്ദേഹം കുറിച്ചു.

എം സ്വരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്. മുന്‍പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാല്‍ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോള്‍ അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവര്‍ത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം. - എം സ്വരാജ്