കോളേജിലെ സെന്റ് ഓഫ് പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം, ബംഗളൂരുവിൽ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം
Saturday 08 November 2025 5:42 PM IST
വയനാട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകന്‍ ഡോണ്‍ റോയ്‌യാണ് (24) മരിച്ചത്. ഇന്നലെ രാത്രി ബംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരിലായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി അവസാന വര്‍ഷ വിദ്യാർത്ഥിയായിരുന്നു. ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി. പരിപാടിക്കുശേഷം ബൈക്കില്‍ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലരക്ക് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. ഡിയോണ്‍ ആണ് ഡോണ്‍ റോയിയുടെ സഹോദരന്‍.