
തിരുവനന്തപുരം: കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസിലെ വൈഷ്‌ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ. വൈഷ്‌ണ നൽകിയ മേൽവിലാസത്തിൽ പ്രശ്‌നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം പരാതി നൽകിയിരുന്നു.
മുട്ടടയിൽ കുടുംബവീടുള്ള വൈഷ്‌ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്‌തിരുന്നു. സിപിഎം പരാതി അംഗീകരിച്ച് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ വൈഷ്‌ണയ്‌ക്ക് മത്സരിക്കാനാകില്ല. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് വൈഷ്‌ണ സുരേഷ്. സിപിഎമ്മിന് പരാജയഭീതിയാണെന്നും തനിക്ക് ആശങ്കയില്ലെന്നുമാണ് വൈഷ്‌ണ നേരത്തേ പ്രതികരിച്ചത്. തനിക്കെതിരെ മാത്രമല്ല, ഒട്ടുമിക്ക കോൺഗ്രസുകാർക്കെതിരെയും സിപിഎം പരാതി കൊടുത്തിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിലും താൻ അവിടെ നിന്ന് തന്നെയാണ് വോട്ട് ചെയ്‌തതെന്നും വൈഷ്‌ണ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |