പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റായ സന്ദേശം നൽകും,​ കോഴിക്കോട് ജില്ലാകമ്മിറ്റിയിൽ എംവി ഗോവിന്ദനും വിമർശനം

Sunday 17 May 2026 11:26 PM IST

കോഴിക്കോട് : തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് തെറ്റായ സന്ദേശം നൽകുമെന്നും ഇത്രയധികം ഇളവുകൾ കൊടുത്തത് ശരിയായില്ലെന്നും വിമർശനം ഉയർന്നു. എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ ജനങ്ങളെ ശത്രുക്കളാക്കി മാറ്റി. നൂറുകണക്കിന് ആളുകൾ പാർട്ടുയിൽ നിന്ന് അകലുന്ന അവസ്ഥ ഉണ്ടാക്കിയെന്നും ആരോപണമുയർന്നു.

കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിമാർ തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടായിരുന്നുവെന്നും വിമർശനമുണ്ടായി. മുഹമ്മദ് റീയാസ്,​ കെ.എൻ. ബാലഗോപാൽ,​ എം.ബി. രാജേഷ്,​ പി. രാജീവ് തുടങ്ങിയവർ തമ്മിൽ ഏകോപനമില്ലായിരുന്നു, ആറ് സീറ്റുകളിൽ കോഴിക്കോട്ട് മോശം സ്ഥാനാർത്ഥികളെ നിറുത്തി തോൽവി ഏറ്റുവാങ്ങി. കുന്ദമംഗലം,​ കോഴിക്കോട് നോർത്ത്,​ പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളിൽ ജയസാദ്ധ്യത ഇല്ലാത്ത സ്ഥാനാർത്ഥികളെ വീണ്ടും മത്സരിക്കാൻ അനുവദിച്ചുവെന്നും അംഗങ്ങൾ പറഞ്ഞു.

നാല്പതിലേറെ പേർ പങ്കെടുത്ത യോഗത്തിൽ ഭൂരിഭാഗം പേരും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പി.കെ. ബിജു പങ്കെടുത്തു. ടി.പി. രാമകൃഷ്ണന്റെയും മുഹമ്മദ് റിയാസിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം.