മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി: കെസിക്ക് പിന്തുണയുമായി 47 എംഎൽഎമാർ, എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്ന് സതീശനും ചെന്നിത്തലയും
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നുള്ള ചർച്ചകൾ പാർട്ടിയുടെ അകത്തും പുറത്തും ചൂടുപിടിക്കുകയാണ്. തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കി. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവർ കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തി. ഇനി എംഎൽഎമാരുടെ അഭിപ്രായം കൂടി ആരായും. കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലാണ് യോഗം ചേരുന്നത്. എഐസിസി നിരീക്ഷകർ 63 എംഎൽഎമാരെ ഒന്നിച്ചും ഒറ്റയ്ക്കും കണ്ട് ചർച്ച നടത്തും.
ഇതിനിടെ, മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ ചരടുവലികൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാൽ അറിയിച്ചു. നിയമസഭാ കക്ഷി നിലയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുൽഗാന്ധിയുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ സി പക്ഷം. എന്നാൽ, എംഎൽഎമാരുടെ എണ്ണം മാത്രം ആകരുത് പരിഗണിക്കുന്നതെന്ന് നിരീക്ഷകരോട് വി.ഡി സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് സതീശന്റെ വാദം. കെ സി വേണുഗോപാലിനെ പരിഗണിക്കുന്നത് തടയാൻ രമേശ് ചെന്നിത്തല - വി.ഡി സതീശൻ പക്ഷങ്ങൾ കൈകോർത്തേക്കുമെന്നുള്ള സൂചനകളും വരുന്നുണ്ട്.
മുഖ്യമന്ത്രി ചർച്ചയിൽ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പാണെന്നാണ് കെസി വിഭാഗം പറയുന്നത്. 16 എംഎൽഎമാരെങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തലയും ഒൻപത് എംഎൽഎമാർ ഒപ്പമുണ്ടാകുമെന്ന് വിഡി സതീശൻ ക്യാമ്പും വ്യക്തമാക്കുന്നു. നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുമോ എന്ന ആശങ്കയും നേതാക്കൾക്ക് ഉണ്ട്. ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെ പലർക്കും വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. നിരീക്ഷകർ തിരികെ ഡൽഹിയിൽ എത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി കസേരയിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.